സി.എം.ആർ.എൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. ഈ മാസം 29 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ വീണയ്ക്ക് നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ച വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ എസ്.എഫ്.ഐ. ഒയ്ക്ക് നൽകിയ സമാനമൊഴിയാണ് വീണ ഇഡിക്കും നൽകിയത്. പലകാര്യങ്ങളിലും വ്യക്തത കുറവുണ്ടെന്ന് ഇഡി വ്യക്തമാക്കുകയും ചെയ്തിരുന്നു. വീണയുടെ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ ഇഡി തുറന്നു പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

 

സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുകളിൽ തനിക്കു മനസ്സറിവില്ലെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മൊഴി നൽകിയിരുന്നു. രണ്ടു കമ്പനികളും തമ്മിൽ 2017–’21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാൻ വീണയ്ക്കു കഴിഞ്ഞില്ലെന്നാണ് ഇ.ഡി കേന്ദ്രങ്ങൾ നൽകുന്ന സൂചന. എഴുതിത്തയാറാക്കിയ ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകുന്ന രീതിയിലായിരുന്നു ചോദ്യംചെയ്യൽ. സിഎംആർഎൽ കമ്പനി എന്തിനുവേണ്ടിയാണു തന്റെ കമ്പനിയായ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന ചോദ്യത്തിനു മറുപടി പറയാൻ വീണയ്ക്കു കഴിഞ്ഞില്ല. 

 

അതതു കാലയളവിൽ എക്സാലോജിക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ജീവനക്കാർക്കു മാത്രമേ ഇക്കാര്യങ്ങൾ അറിയാൻ കഴിയൂ എന്നായിരുന്നു മറുപടി. എംആർഎലിന്റെ സഹോദര സ്ഥാപനമായ ‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ്’ വഴി 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതു സംബന്ധിച്ചും ഇ.ഡി വീണയോടു ചോദിച്ചിരുന്നു. 

 

വീണയ്ക്കു പുറമേ, സിഎംആർഎൽ ഉടമ എസ്.എൻ.ശശിധരൻ കർത്തായുടെ ഭാര്യ ജയ എസ്.കർത്താ, മക്കളായ ശരൺ എസ്.കർത്താ, ഷിബി എസ്.കർത്താ എന്നിവരിൽനിന്നും ഇ.ഡി കഴിഞ്ഞദിവസങ്ങളിൽ മൊഴിയെടുത്തിരുന്നു. 

ENGLISH SUMMARY:

The Enforcement Directorate has issued a fresh notice to T. Veena in connection with the CMRL-Exalogic financial transactions case. After an extensive round of questioning and the inspection of her bank locker, the agency has asked her to appear again at its Kochi office on July 29. The investigation focuses on consultancy fee transactions worth ₹2.78 crore between CMRL and Exalogic.