തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് വിയൂർ സെൻട്രൽ ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതില്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോര്‍പ്പറേഷനിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന ആര്‍.സുഗതന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി രണ്ട് മണിക്ക് വിധി പറയും. കാപ്പ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന സാഹചര്യത്തിലാണ് ആര്‍.സുഗതന്‍റെ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തത്. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടന പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നിലപാടെടുത്തു.
എന്നാല്‍ ജനപ്രതിനിധിയായ സുഗതന്‍റെ ജനാധിപത്യ അവകാശം നിഷേധിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാത്തിനുമുപരി ഇത് ജനാധിപത്യമാണ്. സത്യപ്രതിജ്ഞ എല്ലാവരും കാണുന്നതിന് ജയിലില്‍ അംഗീകൃത മാധ്യമങ്ങളെയും അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.