തൃശൂരിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടിയ എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്. 20വയസായിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്.
എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സ്നേഹ. വ്യക്തിപരമായ കാരണത്താലാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങളായി സ്നേഹ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ഈ കോഴ്സ് തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.
ആശുപത്രിയുടെ തൊട്ടുപുറകിലുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നാലാംനിലയില്‍ നിന്നാണ് സ്നേഹ ചാടിമരിച്ചത്. ഇത് മൂന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന കുട്ടി കണ്ടയുടന്‍ തന്നെ മറ്റുള്ളവരെ അറിയിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൃതദേഹം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)