സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ അതിശക്തമായ നിലപാടുമായി മാർത്തോമ്മാ സഭ. ബജറ്റിലൂടെ കൊണ്ടുവന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ (ഹോർട്ടി വൈൻ) നികുതി കുറയ്ക്കാനുള്ള തീരുമാനവും വിൽപ്പനയും സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു. പണത്തേക്കാൾ ഉപരി മനുഷ്യജീവനാണ് വില കൽപ്പിക്കേണ്ടതെന്നും സഭയുടെ ഈ ആശങ്കയും ആവശ്യവും മുന്നണി നേതാക്കളെയും മന്ത്രിമാരെയും നേരിട്ട് കണ്ട് അറിയിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.
സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) സമൂഹത്തിന് ആവശ്യമായ ഒന്നാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മദ്യനയത്തിലെ ഇളവുകൾക്കെതിരെ സഭാ അധ്യക്ഷൻ വിരൽ ചൂണ്ടിയത്.
"മദ്യ-ലഹരി വിമുക്ത കേരളമാണ് നാടിന് ആവശ്യം. എന്നാൽ ഇതിനിടയിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ താല്പര്യപ്പെടുന്നത് സഭയുടെ അടിസ്ഥാന നിലപാടുകൾക്ക് പൂർണ്ണമായും വിരുദ്ധമാണ്." മദ്യം വീര്യം കുറഞ്ഞതാണോ കൂടിയതാണോ എന്നതിലല്ല, അത് ഏത് രീതിയിലായാലും മനുഷ്യജീവിതത്തെ നശിപ്പിക്കും. ജീവന് നാശകരമായി വരുന്ന എല്ലാ പരിപാടികളെയും സഭയ്ക്ക് ചെറുക്കേണ്ടതുണ്ടെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.
മദ്യനികുതി കുറയ്ക്കുന്നത് വഴി വലിയ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടാകും എന്ന ബോധ്യമുണ്ടെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. എങ്കിൽപ്പോലും സാമ്പത്തിക നേട്ടത്തേക്കാൾ ഉപരി മനുഷ്യജീവനെ കാക്കുകയും ജീവിതത്തിന് പ്രത്യാശ നൽകുകയുമാണ് ഒരു ഭരണകൂടം ചെയ്യേണ്ടത്. സർക്കാരിന്റെ ഈ മദ്യനയ ഭേദഗതി ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ നേരിട്ട് കണ്ടുമുട്ടുന്ന മന്ത്രിമാരോടും എം.എൽ.എമാരോടും ഈ തീരുമാനം പിൻവലിക്കുന്നതാണ് നല്ലതെന്ന് സഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷവും യു.ഡി.എഫിലെ ഒരു വിഭാഗവും രംഗത്തുവന്നതിന് തൊട്ടുപിന്നാലെ മാർത്തോമ്മാ സഭയും കടുത്ത വിയോജിപ്പ് പരസ്യമാക്കിയത്.