മിഥുനം പത്തു പിന്നിട്ടിട്ടും കേരളത്തില്‍ മഴ കനക്കുന്നില്ല. സാധാരണ ജൂണ്‍ പകുതി കഴിയുമ്പോള്‍ കേരളത്തില്‍ നല്ല മഴ ലഭിക്കേണ്ടതാണ്, പ്രത്യേകിച്ച് വടക്കന്‍ജില്ലകളില്‍. ഇത്തവണ തിരുവനന്തപുരമൊഴികെ ഒരു ജില്ലയിലും പ്രതീക്ഷിച്ച  മഴ കിട്ടിയിട്ടില്ല. 

കാര്യമായി കുറഞ്ഞു കാലവര്‍ഷം 

ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 28 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാണ് മഴയുടെ വന്‍കുറവു വന്നിട്ടുള്ളത്. വയനാട്ടില്‍ 58 ശതമാനവും ഇടുക്കിയില്‍ 50 ശതമാനവുമാണ് മഴ കുറഞ്ഞത്. കണ്ണൂരില്‍ 39, തൃശൂരില്‍ 30, പാലക്കാട് 29 ശതമാനം വീതം കാലവര്‍ഷം കുറഞ്ഞു. പൊതുവെ മഴ കുറവായ തിരുവനന്തപുരം ജില്ലയില്‍മാത്രമാണ് സാധാരണയെക്കാള്‍ അധികം മഴ പെയ്തത്. 12 ശതമാനം അധികം മഴ രേഖപ്പെടുത്തി. 

എന്താണ് മഴ കുറയാന്‍ കാരണം? 

പ്രാദേശികമായ കാരണങ്ങള്‍ തുടങ്ങി ഭൂമിയെ ആകെ ബാധിക്കുന്ന കാലാവസ്ഥാ മാറ്റം വരെ നിരത്തുന്നുണ്ട് ശാസ്ത്രജ്ഞര്‍.  ജൂണ്‍നാലിന് കേരളത്തിലെത്തിയ കാലവര്‍ഷം 15 ന് ശേഷം ശക്തി കുറയുന്നതായാണ് കാണുന്നത്.  പസഫിക്കിലെ ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ ശക്തിയും പരപ്പും വര്‍ധിക്കുന്നത്, പടിഞ്ഞാറന്‍കാറ്റിലെ ഈര്‍പ്പം കുറയുന്നത് തുടങ്ങി  സൊമാലി ജറ്റ് എന്ന വായുപ്രവാഹത്തിന്‍റെ ശക്തി കുറയുന്നതു വരെ ശാസ്ത്രംചൂണ്ടിക്കാട്ടുന്നു.  വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ചൂടുകാറ്റിന്‍റെ വ്യാപനവും മഴയുടെ മുന്നോട്ടുള്ള ഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചക്രവാതചുഴികള്‍, ന്യൂനമര്‍ദങ്ങള്‍ എന്നിവയും കാര്യമായി രൂപപ്പെട്ടില്ല.   ഇതിനെല്ലാം അടിസ്ഥാനം കാലാവസ്ഥാ മാറ്റമാണെന്ന് പറയാം. 

 

എല്ലായിടത്തും വരള്‍ച്ചയോ? 

 

ജൂണ്‍ ഒന്നു മുതല്‍ 17 വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്താകെ 38 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മധ്യ ഇന്ത്യയിലാണ് ഏറ്റവും വലിയ കുറവ്– 62 ശതമാനം. അറേബ്യന്‍സമുദ്രത്തില്‍ നിന്ന് എത്തുന്ന മണ്‍സൂണ്‍കാറ്റുകളെക്കാള്‍ അല്‍പ്പം കൂടി ശക്തി ബംഗാള്‍ ഉള്‍ക്കടലിലല്‍ നിന്നെത്തുന്ന മഴക്കാറ്റുകള്‍ക്ക് കൈവന്നിട്ടുണ്ട്.  അതിനാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കുറച്ചുകൂടെ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. 

 

കിട്ടുമോ മെച്ചപ്പെട്ട മണ്‍സൂണ്‍?

 

ഈ ആഴ്ചയോടെ അല്‍പം കൂടി ഭേദപ്പെട്ട രീതിയില്‍ മഴകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ഒാരോ ആഴ്ചയിലെ മഴയും  പ്രാധാന്യത്തോടെ കാണേണ്ടതാണ്. വിളകളുടെ നടീല്‍ക്കാലം തുടങ്ങിക്കഴിഞ്ഞു. മഴ മെച്ചപ്പെട്ടാലെ ഇത് മുന്നോട്ട് പോകൂ. കേരളത്തിന് ഏറ്റവും പ്രധാനം വൈദ്യുതിയുടെ ഉത്പാദനമാണ്. ഇടുക്കിയില്‍ മഴ വന്‍തോതില്‍ കുറഞ്ഞ് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kerala is facing a significant monsoon shortfall, with rainfall 28% below normal since June 1. Wayanad and Idukki have recorded the steepest declines, raising concerns over agriculture, water availability, and hydroelectric power generation. Experts cite El Niño, weakening monsoon winds, and climate change as major factors behind the deficit, while hopes remain for improved rainfall in the coming weeks.