ടൂറിസത്തെ മുൻഗണനാ മേഖലയായി പ്രഖ്യാപിച്ച് വ്യവസായ പദവി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം കായൽ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഹൗസ് ബോട്ട് മേഖലയിലെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരം കാണാനും വിനോദസഞ്ചാര വികസനത്തിന് പുതിയ സാധ്യതകൾ തുറക്കാനും ബജറ്റ് നിർദേശങ്ങൾ സഹായിക്കുമെന്നാണ് മേഖലയിലെ സംരംഭകരുടെ വിലയിരുത്തൽ.

കായൽ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ആലപ്പുഴ, കുട്ടനാട്, സമീപ പ്രദേശങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഉണർവ് നൽകുന്നതാണ് ടൂറിസത്തെ വ്യവസായമായി പരിഗണിക്കുമെന്ന പ്രഖ്യാപനം. വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കുമെന്ന സർക്കാർ നിലപാട് സംരംഭകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

നിലവിൽ ഒരു ഹൗസ് ബോട്ട് സംരംഭം ആരംഭിക്കാൻ ടൂറിസം, തുറമുഖം, പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി നിരവധി വകുപ്പുകളുടെ അനുമതികൾ ആവശ്യമാണ്. ഈ സങ്കീർണ നടപടിക്രമങ്ങൾ ലഘൂകരിച്ച് വ്യവസായ മേഖലയിലേതുപോലെ ടൂറിസം സംരംഭങ്ങൾക്കും ഏകജാലക സംവിധാനം നടപ്പാക്കണമെന്നാണ് മേഖലയിലെ പ്രധാന ആവശ്യം.

ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളെ മലിനമാക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിൽ, ഹൗസ് ബോട്ടുകളിലെ ശുചിമുറികളിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേക പ്ലാന്റ് സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഇത് കായൽ വിനോദസഞ്ചാര മേഖലയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

യു.പി.എ സർക്കാരിന്റെ കാലത്ത് മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ് ബോട്ട് ടെർമിനലുകളും നവീകരിച്ച് വീണ്ടും പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനവും വിനോദസഞ്ചാര വികസനത്തിന് ഗുണകരമാകും. ഇതിലൂടെ സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ആലപ്പുഴ-കൊല്ലം ജില്ലകളിലെ പ്രധാന പള്ളികൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ എന്നിവയെ ബന്ധിപ്പിച്ചുള്ള തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയും മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരും. മത-സാംസ്കാരിക ടൂറിസത്തിന് പുതിയ സാധ്യതകൾ തുറക്കാൻ ഈ പദ്ധതിക്ക് കഴിയും.

കൂടാതെ, വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ പാതിരാമണൽ ദ്വീപിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളും നടപ്പായാൽ കൂടുതൽ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയാൽ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ വളർച്ചാ ഘട്ടത്തിലേയ്ക്ക് കടക്കാൻ കഴിയുമെന്നും, ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നതും ടൂറിസം മേഖലയിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala budget's declaration of industrial status for the tourism sector has sparked immense optimism among backwater tourism entrepreneurs in Alappuzha and Kuttanad. Key initiatives, including a waste treatment plant for houseboats and a master plan for Pathiramanal island, are expected to resolve long-standing issues and significantly boost regional employment.