യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണ്ണർ നേരിട്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെയും യോഗം വിളിച്ചുചേർത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ചീഫ് സെക്രട്ടറി ഗവർണ്ണറെ സർക്കാരിന്റെ ശക്തമായ വിയോജിപ്പ് ഔദ്യോഗികമായി അറിയിച്ചു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി അവലോകനം നടത്തിയത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നൽകി.
യോഗാദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും യോഗം ഗവർണ്ണർ വിളിച്ച കാര്യം മാധ്യമ വാർത്തകളിലൂടെ മാത്രമാണ് സർക്കാർ അറിഞ്ഞത്. ഇത്തരം ഔദ്യോഗിക ദിനാചരണങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തുന്നതും, അവലോകനം ചെയ്യുന്നതും പൂർണ്ണമായും സർക്കാരിന്റെ എക്സിക്യൂട്ടീവ് അധികാരത്തിൽപ്പെട്ട (Executive Authority) കാര്യങ്ങളാണ്. അതിൽ രാജ്ഭവൻ നേരിട്ട് ഇടപെടുന്നത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിലുള്ള കടന്നുകയറ്റമായിട്ടാണ് കാണുന്നത്.
ഔദ്യോഗികമായി ഒരു അവലോകന യോഗം വിളിച്ചുചേർക്കുകയല്ല തങ്ങൾ ചെയ്തതെന്നും, അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കാനുള്ള സാധാരണ 'ആശയവിനിമയം' മാത്രമാണെന്നാണ് ഗവർണ്ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.
എങ്കിലും, കേരള സർക്കാരിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാരുമായി യാതൊരുവിധ ആലോചനയുമില്ലാതെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത് തെറ്റായ കീഴ്വഴക്കമാണെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.