മണ്ണെണ്ണയ്ക്കുള്ള സബ്സിഡി വർധിപ്പിച്ച സർക്കാർ തീരുമാനം തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുമെന്ന് തൊഴിലാളി സംഘടനകൾ. എന്നാൽ നിലവിൽ പെർമിറ്റ് പ്രകാരം ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും വർധിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
മത്സ്യക്ഷാമവും ഉയർന്ന പ്രവർത്തനച്ചെലവും മൂലം പ്രതിസന്ധിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിലവർധനയും വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് സബ്സിഡി വർധിപ്പിച്ച തീരുമാനം മേഖലയ്ക്ക് ആശ്വാസമാകുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഔട്ട്‌ബോർഡ് എൻജിനുകൾക്കായി ഫിഷറീസ് വകുപ്പ് അനുവദിക്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് മുഖേനയാണ് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. അടുത്തിടെ മണ്ണെണ്ണ വിലയിൽ ഉണ്ടായ വൻ വർധന മത്സ്യബന്ധന ചെലവ് ഗണ്യമായി ഉയർത്തിയിരുന്നു.
നിലവിൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള ഇന്ധന ബങ്കുകൾ വഴി എൻജിനുകളുടെ പ്രവർത്തനശേഷിക്കനുസരിച്ച് പ്രതിമാസം 140 മുതൽ 180 ലിറ്റർ വരെ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. എന്നാൽ അനുവദിക്കുന്ന അളവ് പര്യാപ്തമല്ലെന്നും പലപ്പോഴും മണ്ണെണ്ണ ലഭ്യതക്കുറവ് നേരിടേണ്ടിവരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.
സർക്കാർ വിതരണത്തിലെ കുറവ് കാരണം പല മത്സ്യത്തൊഴിലാളികളും കരിഞ്ചന്തയെ ആശ്രയിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഉയർന്ന വില നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോകുന്നവർക്കാകട്ടെ മത്സ്യക്ഷാമം മൂലം ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
സബ്സിഡി വർധിപ്പിച്ചതിനൊപ്പം പെർമിറ്റ് അടിസ്ഥാനത്തിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും വർധിപ്പിക്കുകയാണെങ്കിൽ മാത്രമേ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് കാര്യമായ പരിഹാരമാകൂവെന്നാണ് തീരദേശ മേഖലയിൽ നിന്നുള്ള ആവശ്യം.