സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർ പ്രതീക്ഷിച്ച പ്രധാന ആനുകൂല്യങ്ങൾ ഉൾപ്പെടാതിരുന്നതോടെ വിവിധ സർവീസ് സംഘടനകൾ നിരാശ പ്രകടിപ്പിച്ചു. ജനുവരി മുതൽ അനുവദിക്കേണ്ട രണ്ട് ശതമാനം ഡി.എ (ക്ഷാമബത്ത) കുടിശികയെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ലെന്ന് സംഘടനകൾ.
കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ ജനുവരിയിലെ ഡി.എ കുടിശിക അനുവദിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, സർക്കാർ സേവന മേഖലയിൽ നിന്ന് പിന്മാറുന്നതിന്റെയും സ്വകാര്യവത്കരണത്തിലേയ്ക്കുള്ള നീക്കങ്ങളുടെയും സൂചനകളാണ് ബജറ്റ് നൽകുന്നതെന്ന് ഇടത് അനുകൂല സംഘടനകൾ ആരോപിച്ചു.
സർക്കാർ അനുകൂല സംഘടനകൾക്ക് ബജറ്റിൽ എടുത്തുകാട്ടാനുള്ള പ്രധാന കാര്യം, വരാനിരിക്കുന്ന ഡി.എകൾ കുടിശികയാക്കാതെ സമയബന്ധിതമായി നൽകുമെന്ന സർക്കാരിന്റെ ഉറപ്പാണ്. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ജനുവരിയിലെ രണ്ട് ശതമാനം ഡി.എ മന്ത്രിസഭയുടെ പ്രത്യേക തീരുമാനത്തിലൂടെ അനുവദിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
അതേസമയം, ശമ്പള പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിട്ടും അത് പുതുക്കുകയോ നീട്ടുകയോ ചെയ്തിട്ടില്ല. നിലവിലുള്ള ഡി.എ കുടിശികകൾ അനുവദിക്കുന്നതിലും വ്യക്തതയില്ല. ഭാവിയിലെ ഡി.എകൾ സമയത്ത് നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ധനവിഹിതം ബജറ്റിൽ പ്രത്യേകമായി വകയിരുത്തിയിട്ടില്ലെന്നാണ് സംഘടനകളുടെ വിമർശനം.
സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, ബജറ്റിൽ പരാമർശമില്ലെങ്കിലും ജനുവരിയിലെ ഡി.എ കുടിശിക മന്ത്രിസഭാ തീരുമാനത്തിലൂടെ അനുവദിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. എന്നാൽ അതിന് മുന്‍പുള്ള കുടിശികകളും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ബാധ്യതകളും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സർക്കാരിന് ഏറ്റെടുക്കുക പ്രയാസകരമാണെന്നാണ് വിലയിരുത്തൽ.
അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ അപാകതകൾ പഠിച്ച് പങ്കാളിത്ത പെൻഷൻ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ശമ്പള-പെൻഷൻ സംബന്ധമായ വലിയ പ്രഖ്യാപനങ്ങൾ ഉടൻ പ്രതീക്ഷിക്കാനാകില്ലെന്നും സർക്കാർ ജീവനക്കാർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.