ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വയെ നിയമം ലംഘിച്ച് പൊലീസിലെടുത്ത പിണറായി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഒരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഷിനു ചൊവ്വയുടെ പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. നിയമനം നല്‍കിയ സാഹചര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോടും ആവശ്യപ്പെട്ടു. സി.പി.എം ബന്ധത്തിന്‍റെ പേരിലുള്ള പിന്‍വാതില്‍ നിയമനം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസായിരുന്നു.

ബോഡി ബില്‍ഡിങ് രംഗത്തും അതുമായി ബന്ധപ്പെട്ട മല്‍സരങ്ങളിലും കേരളത്തിനായി നേട്ടങ്ങള്‍ കൊയ്ത താരമാണ് ഷിനു ചൊവ്വ. പക്ഷെ ബോഡി ബില്‍ഡിങിനെ കായിക ഇനമായി അംഗീകരിക്കാത്തതുകൊണ്ട് സ്പോഴ്സ് ക്വാട്ട നിയമനത്തിന് പരിഗണിക്കാന്‍ നിയമമില്ല. ഇതുമറികടന്നുകൊണ്ടാണ് സി.പി.എം നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന കണ്ണൂരുകാരന്‍ ഷിനുവിനെ പൊലീസിലെടുത്തത്. നിയമന നടപടി തുടങ്ങിയപ്പോള്‍ തന്നെ മനോരമ ന്യൂസ് ഇത് പുറത്തുകൊണ്ടുവന്നെങ്കിലും പിണറായി സര്‍ക്കാര്‍ തിരുത്താന്‍ തയാറായില്ല. ആദ്യം കായികക്ഷമതാ പരിശോധനയില്‍ തോറ്റിട്ടും രണ്ടാമത് പ്രത്യേക പരിശോധന നടത്തിയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് എസ്.ഐയായി നിയമിച്ചത്. നിയമനം നടന്നതോടെ ഇന്ന് മുതല്‍ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ ഷിനു ഉള്‍പ്പടുന്ന ബാച്ചിന് പരിശീലനം തുടങ്ങാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രി ഷിനു തല്‍കാലം പരിശീലനത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശം ആഭ്യന്തരമന്ത്രി നല്‍കിയത്. ഷിനുവിന്‍റെ നിയമനത്തിനെതിരെ ലഭിച്ച പരാതികളും നിയമിച്ച സാഹചര്യവും വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോടും മന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിയമനം റദ്ദാക്കാനാണ് ആലോചന. ഷിനുവിനൊപ്പം ചിത്തരേഷ് നടേശനും നിയമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദേഹം കായികക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ അത് നടന്നിരുന്നില്ല.

ENGLISH SUMMARY:

Bodybuilder Shinu Chovva's illegal recruitment into the Kerala Police is being reviewed by Home Minister Ramesh Chennithala. The decision to appoint him despite not meeting eligibility criteria, allegedly due to political connections, has been challenged.