സ്കൂളിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 44കാരന് 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും ശിക്ഷ വിധിച്ച്  നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെയാണ് പോക്സോ കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്. 

പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി മൂന്നുവർഷം കൂടെ ശിക്ഷ അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്കൂളിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന പെൺകുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് പ്രതി തന്റെ കാറിൽ കയറ്റി സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. 

പെൺകുട്ടി ക്ലാസ് ടീച്ചറിനോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ് അഡ്വക്കേറ്റ് വി. ആർ. മായാദേവി എന്നിവർ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആയിരുന്ന ആർ. സുധാകരൻപിള്ളയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ENGLISH SUMMARY:

POCSO Act sentencing details are significant for child protection. A 44-year-old man has been sentenced to 20 years in prison for the sexual assault of a schoolgirl in Kerala.