ചരിത്രം കുറിച്ച് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും സൗജന്യ യാത്ര. തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫും നിര്‍വ്വഹിച്ച മുഖ്യമന്ത്രി സെക്രട്ടറിയേറ്റുവരെ മന്ത്രിമാര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തു. ഔദാര്യമല്ല, സ്ത്രികള്‍ക്കുള്ള ആദരമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി. സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇന്ദിര ഗ്യാരന്‍റികളിലെ സുപ്രധാന വാഗ്ദാനം. അധികാരത്തിലെത്തി ഒരുമാസത്തിനകം നടപ്പാക്കി വി.ഡി സതീശന്‍ സര്‍ക്കാര്‍. അങ്ങനെ ഇന്ന് മുതല്‍ 3125 കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റില്‍ യാത്ര ചെയ്യാം. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി മുുഖ്യമന്ത്രി വി.ഡി സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളം സ്ത്രീകള്‍ക്ക് നല്‍കുന്ന ആദരമാണ് പദ്ധിയെന്നും അവര്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയാക്കില്ലെന്നും മുഖ്യമന്ത്രി.
ചടങ്ങില്‍, ഒരോ സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ യാത്രികര്‍ക്ക് മുഖ്യമന്ത്രി ആദ്യത്തെ സീറോ ടിക്കറ്റുകള്‍ നല്‍കി. തമ്പാനൂരില്‍ നിന്നും പെരുമാതുറയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസില്‍ ആദ്യത്തെ സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രി സി.പി ജോണും മന്ത്രി കെ.എ തുളസിയുമുള്‍പ്പെടേയുളളവര്‍ സെക്രട്ടറിയേറ്റുവരെ ആദ്യ സൗജന്യ യാത്രയില്‍ പങ്കാളിയായി. ആദ്യമായി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് സര്‍വ്വീസ് സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശിക്കുന്ന അപൂര്‍വ്വതയ്ക്കും കേരളം സാക്ഷിയായി. സ്വകാര്യ ബസുകടമകളുടെ ആശങ്ക പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഗതാഗത മന്ത്രിയും ആവര്‍ത്തിച്ചു.
വിവിധ ജില്ലകളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ സൗജന്യ യാത്രകള്‍ക്കും തുടക്കം കുറിച്ചു. എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും സൗജന്യം വാഗ്ദാനം ചെയ്ത്, ഓര്‍ഡിനറിയില്‍ മാത്രം അനുവദിച്ച് ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘടാന ചടങ്ങുകള്‍ ബഹിഷ്കരിച്ചു.
ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും. സർക്കാർ അധികാരമേറ്റ് ഒരുമാസം തികയും മുൻപേയാണ് അധികാരത്തിലേക്കുള്ള വഴിതുറന്ന പ്രധാന ഇന്ദിരാ ഗ്യാരന്റികളില്‍ ഒന്ന് നടപ്പാകുന്നത്.