സി.എം.ആർ.എൽ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി.എസ്.കർത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി. പണമിടപാടുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കാത്തതാണ് ഷിബിയെ ചോദ്യം ചെയ്യാനുള്ള കാരണമെന്നാണ് വിവരം.

 

സിഎംആർഎൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മേയ് 27ന് ഇ.ഡി നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ശശിധരൻ കർത്തയുടെ മകൾ ഷിബി.എസ്.കർത്തയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിയ ഷിബിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ് ഷിബി. ശശിധരൻ കർത്തയുടെ മകൻ ശരൺ.എസ്.കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ എന്നിവരാണ് മറ്റ് ഡയറക്ടർമാർ.

 

സിഎംആര്‍എല്ലിന്റെ ചരക്ക് ഗതാഗതത്തിന് വാഹനങ്ങൾ നൽകിയിരുന്നത് നിപുണയാണ്. സി.എം.ആർ.എല്ലിന്റെ അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളും കൊണ്ടുപോയിരുന്നത് ഈ വാഹനങ്ങളിലാണ്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണെങ്കിലും പണമിടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാത്തതാണ് അന്വേഷണത്തിന് കാരണമെന്നാണ് വിവരം. ഇ.ഡി കഴിഞ്ഞമാസം നടത്തിയ റെയ്ഡിൽ കളമശ്ശേരിയിലെ നിപുണയുടെ ഓഫീസും, അനിൽ ആനന്ദ പണിക്കരുടെ വീടും ഉൾപ്പെട്ടിരുന്നു. 

 

വ്യാജ ചെലവുകൾ കാണിച്ചായിരുന്നു സി.എം.ആർ.എല്ലിന്റെ 182 കോടിയുടെ ഇടപാടുകളെന്ന് നേരത്തെ വിവിധ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. കേസിൽ ശരൺ.എസ്.കർത്തയടക്കമുള്ളവരെ അടുത്തദിവസം ഇഡി ചോദ്യം ചെയ്യും. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി സമയം നീട്ടി നൽകിയിരുന്നു. ബുധനാഴ്ച ഹാജരാക്കാനാണ് വീണയ്ക്കുള്ള നിർദ്ദേശം.

 

 

 

ENGLISH SUMMARY:

The Enforcement Directorate has questioned Shibi S. Kartha, daughter of businessman Sashidharan Kartha, in connection with the CMRL financial irregularities case. The investigation focuses on alleged violations in financial transaction procedures involving Nipuna International Private Limited, a company linked to CMRL. The ED is also examining transactions worth ₹182 crore that were allegedly routed through fake expense claims. Further questioning of other directors and individuals connected to the case is expected in the coming days.