ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് സ്വദേശിനി വിനോദിനിക്ക് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറെ ബന്ധപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിനി ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ധനസഹായം നല്‍കിയിരുന്നത്. ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒൻപത് വയസ്സുകാരി വിനോദിനിക്ക് വനിതാ ശിശുവികസന വകുപ്പ് വഴി നൽകിവന്നിരുന്ന പ്രതിമാസ ധനസഹായമാണ് മുടങ്ങിയത്. കുട്ടിയുടെ തുടർപഠന ചെലവുകൾക്കായി ലഭിച്ചിരുന്ന തുക കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുകയാണെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അടിയന്തരമായി ഇടപെട്ട വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മുടങ്ങിപ്പോയ ധനസഹായം തിങ്കളാഴ്ച തന്നെ വിനോദിനിക്ക് ലഭ്യമാക്കാൻ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അതീവ ദരിദ്രമായ ചുറ്റുപാടിൽ കഴിയുന്ന വിനോദിനിയുടെ കുടുംബത്തിന് ഈ പഠനസഹായം വലിയൊരു ആശ്വാസമായിരുന്നു.
മുൻ സർക്കാർ നൽകിയ ധനസഹായം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അവസാനമായി ലഭിച്ചത്. ഭരിക്കുന്ന സർക്കാർ മാറിയതോടെ കഴിഞ്ഞ നാല് മാസമായി തുക അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് അമ്മ വ്യക്തമാക്കുന്നു. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കേസ് കൊടുത്തിട്ട് 7 മാസമായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സ്റ്റേഷനിൽ ചെന്ന് അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.സിസ്റ്റം എററിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ വിനോദിനിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ തന്നെ മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടു. വിനോദിനിക്ക് മുടങ്ങിപ്പോയ എല്ലാ മാസങ്ങളിലെയും തുക വരും തിങ്കളാഴ്ച തന്നെ അടിയന്തരമായി കൈമാറാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.