സംസ്ഥാനത്ത് വീണ്ടും ചർച്ചയായിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ-റെയിൽ (K-Rail) ജനകീയ സമരസമിതി.അതിവേഗ പാത തികച്ചും യുക്തിഹീനവും കേരളത്തിന്റെ യാഥാർത്ഥ്യങ്ങൾക്കും ആവശ്യങ്ങൾക്കും ഒട്ടും നിരക്കാത്തതുമാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. കെ-റെയിൽ വിരുദ്ധ സമര രംഗത്തുണ്ടായിരുന്ന സമിതി തന്നെയാണ് പുതിയ അതിവേഗ റെയിൽ നീക്കങ്ങൾക്കെതിരെയും രംഗത്തുവന്നിരിക്കുന്നത്.

സാധാരണക്കാരായ മനുഷ്യർക്ക് നിലവിലുള്ള യാത്രാനിരക്കിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന വികസനമാണ് കേരളത്തിന് ആവശ്യം. അതിന് വിരുദ്ധമാണ് പുതിയ പദ്ധതി. വലിയ തോതിലുള്ള വിദേശ കടബാധ്യത വരുത്തിവെക്കുന്നതും സാങ്കേതികവിദ്യയുടെ അനാവശ്യ ഇറക്കുമതി നടത്തുന്നതുമായ പദ്ധതിയാണിത്. കേരളത്തിലെ പരിമിതമായ ഭൂവിഭവങ്ങളെ ദുർവ്യയം ചെയ്യുന്ന ഇത്തരം പ്രോജക്ടുകളെ അംഗീകരിക്കാനാവില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

നിലവിലെ സമരങ്ങൾ അവസാനിച്ചാൽ പോലും കേരളത്തിലെ റെയിൽ ഗതാഗത വികസനങ്ങളെയും ജനവിരുദ്ധ നയങ്ങളെയും നിരീക്ഷിക്കുന്നതിനായി ഈ സമിതി ഇനിമുതൽ ഒരു 'റെയിൽ ജാഗ്രതാ സമിതി'യായി തുടർന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സമരസമിതി കടുത്ത എതിർപ്പ് ഉയർത്തുമ്പോഴും ഇ. ശ്രീധരന്റെ നിർദ്ദേശങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. ഗതാഗതവകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ദ്ധ സമിതി പദ്ധതിയെക്കുറിച്ചുള്ള പഠനം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന് അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ മാസം തന്നെ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സമിതി അംഗങ്ങൾ സൂചിപ്പിച്ചു.

ENGLISH SUMMARY:

K-Rail public opposition is mounting against the proposed high-speed rail project in Kerala, with the K-Rail Janakeeya Samara Samithi terming it irrational and unsuitable for the state's needs. They advocate for development that ensures safe and affordable travel for common people, contrasting with the current project's potential foreign debt and resource wastage.