പാലക്കാട് ചികില്‍സാപ്പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് വനിതാ ശിശുവികസന വകുപ്പ് വഴി നൽകിവന്നിരുന്ന പ്രതിമാസ ധനസഹായം മുടങ്ങിയതായി പരാതി. കുട്ടിയുടെ തുടർപഠന ചെലവുകൾക്കായി ലഭിച്ചിരുന്ന തുക കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുകയാണെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ അടിയന്തരമായി ഇടപെട്ട വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മുടങ്ങിപ്പോയ ധനസഹായം തിങ്കളാഴ്ച തന്നെ വിനോദിനിക്ക് ലഭ്യമാക്കാൻ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അതീവ ദരിദ്രമായ ചുറ്റുപാടിൽ കഴിയുന്ന വിനോദിനിയുടെ കുടുംബത്തിന് ഈ പഠനസഹായം വലിയൊരു ആശ്വാസമായിരുന്നു.

മുൻ സർക്കാർ നൽകിയ ധനസഹായം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അവസാനമായി ലഭിച്ചത്. ഭരിക്കുന്ന സർക്കാർ മാറിയതോടെ കഴിഞ്ഞ നാല് മാസമായി തുക അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് അമ്മ വ്യക്തമാക്കുന്നു. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കേസ് കൊടുത്തിട്ട് 7 മാസമായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സ്റ്റേഷനിൽ ചെന്ന് അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സിസ്റ്റം എററിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ വിനോദിനിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ തന്നെ മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടു. വിനോദിനിക്ക് മുടങ്ങിപ്പോയ എല്ലാ മാസങ്ങളിലെയും തുക വരും തിങ്കളാഴ്ച തന്നെ അടിയന്തരമായി കൈമാറാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.

കുട്ടിയുടെ പഠനച്ചെലവിനുള്ള തുക നാല് മാസത്തോളം മുടങ്ങാൻ ഇടയായ സാഹചര്യം എന്താണെന്ന് അടിയന്തരമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ യാതൊരുവിധ തടസ്സവുമില്ലാതെ ധനസഹായം വിനോദിനിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വകുപ്പ് നേരിട്ട് ഉറപ്പുവരുത്തുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ENGLISH SUMMARY:

Palakkad medical negligence is a serious issue, and Vinodhini's financial aid has been a crucial support for her education after a medical error necessitated the amputation of her hand. The government has now intervened to ensure the continuation of this vital financial assistance for the child's future.