നിപ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിൽ നാടകീയ രംഗങ്ങളും പ്രതിഷേധവും. സമ്പർക്കപ്പട്ടികയിലുള്ളവരെ ഫോണിൽ വിളിച്ച് ആത്മവിശ്വാസം നൽകാൻ കൺട്രോൾ റൂമിൽ കയറണമെന്ന മുൻമന്ത്രിയും എം.എ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ ആവശ്യം ആരോഗ്യവകുപ്പ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കൺട്രോൾ റൂമിന് മുന്നിൽ പത്ത് മിനിറ്റോളം കുത്തിയിരുന്ന് പ്രതിഷേധിച്ച റിയാസിനെ പിന്നീട് ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിപ്പിച്ചു.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായ ജനങ്ങളെ ഫോണിൽ വിളിച്ച് 'ഭരണകൂടം ഒപ്പമുണ്ട്' എന്ന് ഉറപ്പുനൽകാനാണ് താൻ എത്തിയതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതോടെ അദ്ദേഹം ജില്ലാ കളക്ടറെ ഫോണിൽ ബന്ധപ്പെട്ടു. ജനപ്രതിനിധികൾ ആരും കൺട്രോൾ റൂം പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഓഫീസിൽ നിന്ന് കൃത്യമായ നിർദ്ദേശമുണ്ടെന്നാണ് കളക്ടർ റിയാസിന് നൽകിയ മറുപടി.

മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിപ പടർന്നുപിടിച്ചപ്പോൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളെയും കൺട്രോൾ റൂം പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചിരുന്നുവെന്ന് റിയാസ് ചൂണ്ടിക്കാട്ടി. അന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയെന്ന നിലയിൽ തനിക്ക് ഇതിൽ കൃത്യമായ അനുഭവസമ്പത്തുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൺട്രോൾ റൂം അധികൃതരുമായി ചർച്ച നടത്തിയ ശേഷം പുറത്തിറങ്ങിയ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി. "കോഴിക്കോട് ജില്ലയിൽ നിലവിൽ സ്ഥിരമായി ഒരു ഡി.എം.ഒ (DMO) പോലുമില്ല, ചാർജ്ജ് മാത്രമാണുള്ളത്. ഇത്തരം ഗുരുതര ഘട്ടത്തിൽ അത് തന്നെ വലിയ വീഴ്ചയാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ എം.എൽ.എ ഓഫീസിൽ ഇരുന്ന് വിളിക്കാൻ എനിക്ക് നമ്പറില്ലാഞ്ഞിട്ടല്ല. കൺട്രോൾ റൂമിലിരുന്ന് വിളിക്കുമ്പോൾ നമ്മളെല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ജനങ്ങൾക്ക് ലഭിക്കുക.

എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ വിളിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2018 മുതൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അവർക്കറിയില്ല. പ്രതിപക്ഷത്തെ സഹകരിപ്പിക്കില്ലെന്ന സർക്കാരിന്റെ ഈ ശൈലി തെറ്റാണ്. എങ്കിലും ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥമായ സേവനത്തിന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകും." വിഷയത്തിൽ ഇടപെടാമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഫോണിൽ അറിയിച്ചിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാസ് വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളെച്ചൊല്ലി രാഷ്ട്രീയ വാക്പോര് മുറുകുന്നതിനിടെ, ഉച്ചയോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏഴംഗ വിദഗ്ദ്ധ സംഘം കോഴിക്കോട് കളക്ടറേറ്റിലെത്തും. കേന്ദ്ര സംഘം ആദ്യം ഡി.എം.ഒയുമായും തുടർന്ന് ജില്ലാ കളക്ടറുമായും അടിയന്തര ചർച്ച നടത്തും. അതിനുശേഷമായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുമായി സാമ്പിളുകൾ ശേഖരിക്കേണ്ട കൃത്യമായ സ്ഥലങ്ങളിലേക്ക് സംഘം സന്ദർശനം നടത്തുക.

ENGLISH SUMMARY:

Nipah virus prevention efforts in Kozhikode are ongoing, marked by dramatic scenes and protests outside the Nipah control room. The protest was sparked by the health department's denial of former minister P.A. Muhammed Riyas's request to enter the control room and call individuals on the contact list to offer reassurance.