pinarayi-vijayan

 

സംസ്ഥാനത്ത് വീണ്ടും നിപ ഭീതിപടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാമരുന്നില്ലാത്തത് ആശങ്കാജനകമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍.  നിപ ബാധിച്ച് രോഗി അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴാണ് മരുന്നില്ലെന്ന കാര്യം മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴാണ് വിരുദ്ധമായ വാര്‍ത്ത വരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 

 

അതേസമയം, കോഴിക്കോട് നിപാ വൈറസ് ബാധയുണ്ടായ യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. സമ്പര്‍ക്കപട്ടികയിലുള്ള മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പ്രതിരോധപ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി

 

ക്വാറന്‍റീനിലുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. പുതുതായി 10 പേരെ കൂടി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്കപട്ടികയിലുള്ളവരെ എണ്ണം 87 ആയി. നിലവില്‍ ഹൈസ്റ്റ് റിസ്കിലുള്ളത് നാലുപേരാണ്. മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററിലുള്ള നിപ ബാധിതന്  മോണോ ക്ലോണല്‍ ആന്‍റിബോഡിയുടെ ആദ്യ ഡോസും നല്‍കി. വൈറസ് ബാധയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.

 

ഐസിഎംആര്‍ സംഘം നാളെയെത്തുന്നതോടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രോഗലക്ഷണമുള്ളവരെ കണ്ടെത്തനായി രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ പനി സര്‍വേ അടക്കം നടത്തുകയാണ് ആരോഗ്യവിഭാഗം. അതേസമയം ആരോഗ്യമന്ത്രിക്കെതിരെ സിപിഎം രംഗത്തെത്തി. ആരോഗ്യമന്ത്രിയോ ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

As Kerala faces renewed Nipah virus concerns, opposition leader Pinarayi Vijayan has expressed alarm over the reported shortage of life-saving medicines at Kozhikode Medical College. With a critically ill patient on ventilator support and the number of contacts under observation rising, authorities have intensified surveillance and prevention measures. An ICMR team is expected to assist in tracing the source of the infection.