നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇടപെട്ടില്ലെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി മുത്തശ്ശി റീന ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചെങ്കിലും ഹെല്‍പ്പുണ്ടായില്ല. നിസഹായവസ്ഥ വ്യക്തമാക്കി മുത്തശ്ശി ഫോണ്‍ ചെയ്തതിന്‍റെ ഇരുപത്തി ആറാം ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. വീഴ്ച വരുത്തിയ ജീവനക്കാരനെ പുറത്താക്കുമെന്ന് മന്ത്രി ആര്‍.ബിന്ദുകൃഷ്ണ അറിയിച്ചു.
നിസഹായത പറയുമ്പോള്‍ യാതൊരു അനുകമ്പയുമില്ലാതെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ മറുപടി നല്‍കുന്ന ദുരവസ്ഥ. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സംശയം മാത്രമെന്ന് പറഞ്ഞ് വിളി ഒഴിവാക്കാനുള്ള വ്യഗ്രത. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞതുമായ ബന്ധപ്പെട്ട സംശയമാണ് റീനയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് വിളിക്കാന്‍ പ്രേരിപ്പിച്ചത്. സഹായം കിട്ടിയില്ല.
റീന മേയ് മൂന്നിനാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് വിളിച്ച് സഹായം തേടുന്നത്. ഇതിനിടയില്‍ പൊലീസില്‍ നല്‍കിയ പരാതിയിലും ഇടപെടലുണ്ടായില്ല. ആശങ്ക പറയാന്‍ വിളിച്ചതിന്‍റെ ഇരുപത്തി ആറാം ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. കുഞ്ഞിനെ ചേര്‍ത്തുപിടിക്കേണ്ടവര്‍ ഒന്ന് മനസ് വച്ചെങ്കില്‍ ആ കുരുന്ന് മുഖത്ത് ഇപ്പോഴും പുഞ്ചിരിയുണ്ടാവുമെന്ന് വിശ്വസിക്കുന്നവരാണ് ബന്ധുക്കളും നാട്ടുകാരും. ഹെല്‍പ്പ് ചെയ്യാത്ത ഹെല്‍പ്പ് ലൈന്‍ ജീവനക്കാരനെ പുറത്താക്കുമെന്ന് മന്ത്രി ആര്‍ ബിന്ദുകൃഷ്ണ അറിയിച്ചു. ടെലഫോണ്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് ശബ്ദരേഖയിലെ യാഥാര്‍ഥ്യം പുറത്ത് വന്നതിന് പിന്നാലെയുള്ള മന്ത്രിയുടെ പ്രതികരണം.