ip-binu-kerala-police-2

 

പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരണം വേഗത്തിലാക്കി പൊലീസ്. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പിണറായി വിജയന്‍റെ വീടിന് മുന്നില്‍ തെളിവെടുപ്പിനെത്തിച്ചു. ഉദ്യോഗസ്ഥരെ എറിയാന്‍ മുട്ട വാങ്ങിയ കടയും പൊലീസ്, ലോക്കല്‍ സെക്രട്ടറിയോട് ചോദിച്ച് അറിഞ്ഞു.

 

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ഇഷ്ടികകൊണ്ട് എറിഞ്ഞും അടിച്ചും തകര്‍ത്തത് കൂടാതെ മുട്ടയെറിഞ്ഞും പ്രതിഷേധിച്ചിരുന്നു. മുട്ടയേറ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് സി.പി.എം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനുവായിരുന്നു. ആ ലോക്കല്‍ സെക്രട്ടറിയുമായായിരുന്നു ഇന്നത്തെ പ്രധാന തെളിവെടുപ്പ്.

 

മുട്ട എവിടെ നിന്ന് സംഘടിപ്പിച്ചു? വാങ്ങിയ കടയേത് എന്നതാണ് പൊലീസ് പ്രധാനമായും ചോദിച്ചത്. പിണറായി വിജയന്‍റെ വാടക വീടിന് സമീപമുള്ള കട ഐപി ബിനു ചൂണ്ടിക്കാണിച്ച് കൊടുത്തു. ബിനുവിനെ കൂടാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ആറ് പ്രതികളെയും തെളിവെടുപ്പിന് എത്തിച്ചു. വാഹനം തടഞ്ഞ് ആക്രമിച്ച സ്ഥലത്തെത്തിച്ചായിരുന്നു ഇവരുടെ തെളിവെടുപ്പ്.

 

നിലവില്‍ 26 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ പതിനേഴ് പേരുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ബാക്കിയുള്ളവരെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ENGLISH SUMMARY:

Police have intensified the investigation into the attack on Enforcement Directorate (ED) officials who had arrived to conduct a search at the residence of Kerala Chief Minister Pinarayi Vijayan. As part of the probe, the accused, including a CPM local secretary, were taken into custody and brought to the scene for evidence collection.