സ്വന്തം മക്കളെ കാട്ടാനയില്‍നിന്ന് രക്ഷിച്ചശേഷം അതേ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ കരുളായിയിലെ പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാരമായ എട്ടുലക്ഷം രൂപ ആരോ തട്ടിയെടുത്തു. തളർന്നു കിടപ്പിലായ മകളടക്കം അഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്ര ഇതോടെ വഴിമുട്ടി. ആരെയും അസ്വസ്ഥതപ്പെടുത്തുന്ന വാര്‍ത്തയാണ് മനോരമ ന്യൂസ് പുറത്തുവിടുന്നത്.  മണിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിഎഫ്ഒ ഓഫിസിൽ കയറി ആക്രമണം നടത്തിയതിന്റെ പേരിലാണ് പി.വി.അൻവർ അറസ്റ്റിലായതും പിന്നീട് എംഎല്‍എ പദവി തന്നെ രാജിവച്ചതും

 

അപൂർവ്വ രോഗം ബാധിച്ച് കിടപ്പിലായ മൂത്ത മകൾ മീനാക്ഷിക്ക് എല്ലാം അച്ഛനായിരുന്നു. ആക്രമിക്കാനെത്തിയ കാട്ടാനയ്ക്ക് മുൻപിൽ നിന്ന് രണ്ടു മക്കളെ സുരക്ഷിതസ്ഥാനത്തേക്ക് അതിവേഗം മാറ്റിയ ശേഷമാണ് പൂച്ചപ്പാറ മണി മരണത്തിന് നിന്നു കൊടുത്തത്. മണിയുടെ ഭാര്യ മാതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ കരുളായി ശാഖയിൽ വനം വകുപ്പ് നൽകിയ നഷ്ടപരിഹാരത്തുക അടക്കം 8 ലക്ഷത്തിലധികം രൂപയുണ്ടായിരുന്നു. അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും തട്ടിയെടുത്തതോടെയാണ് മാതിയും മക്കളും നിസ്സഹായരായത്. 

 

മകളുടെ ചികിത്സയ്ക്കായി ബാങ്കിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒറ്റ രൂപ പോലും അക്കൗണ്ടിൽ ഇല്ലെന്ന് അറിയുന്നത്.  ഇപ്പോൾ മരുന്നു വാങ്ങാൻ പോലും മാതിയുടെ കയ്യിൽ പണമില്ല. മാതിയുടെ പേരിൽ എടിഎം കാർഡും ഗൂഗിൾ പേയും ശരിയാക്കി കൊടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

മണിയുടെ മരണത്തിന് പിന്നാലെ ഭാര്യ മാതിക്ക് വനം വകുപ്പ് നെടുങ്കയത്ത് താൽക്കാലിക ജോലി നൽകിയത് കുടുംബത്തിന് ആശ്വാസമായി. വനംവകുപ്പ് കഴിഞ്ഞ ഒരു വർഷത്തിലധികമായി നൽകുന്ന ശമ്പളവും അക്കൗണ്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കുടുംബം പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകി

ENGLISH SUMMARY:

Malayala Manorama Online News reports on a tragic compensation fraud case in Nilambur, where the family of a man who died saving his children from an elephant had their Rs 8 lakh compensation stolen. This devastating theft has left the disabled daughter and her siblings in extreme financial distress, with no funds for essential medical care or even basic necessities.