ഡല്‍ഹി തുഗ്ലകാബാദ് എക്സ്റ്റന്‍ഷനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നുപുലര്‍ച്ചെ രണ്ടരയോടെയാണ് തീ പിടിത്തമുണ്ടായത്. മധ്യം മാര്‍ഗിലെ ആറു നിലകളുള്ള നയ താര അപ്പാര്‍ട്ട്മെന്റിലാണ് തീ പടര്‍ന്നത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇടുങ്ങിയ പ്രദേശമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഡൽഹി ഫയർ സർവീസ് (DFS) ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയ ആറുപേരെ സെൻട്രലൈസ്ഡ് ആക്സിഡന്റ് ആൻഡ് ട്രോമ സർവീസസ് (CATS) സഹായത്തോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ എട്ടുപേരെ എയിംസ് ട്രോമ സെന്ററിലേക്ക് ചികിത്സയ്ക്കായി എത്തിച്ചതായും അഗ്നിശമന വകുപ്പ് അറിയിച്ചു.
ഒഖ്ല ഫയർ സ്റ്റേഷൻ-1ന്റെ പരിധിയിലുള്ള മധ്യം മാർഗിലെ നയ താര അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ 1-ലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗ്രൗണ്ട് ഫ്‌ളോറും അഞ്ച് നിലകളും ഉൾപ്പെടുന്ന കെട്ടിടം ഇടുങ്ങിയ വഴിയിലായതിനാൽ രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കും വെല്ലുവിളിയായിരുന്നുവെന്ന് ഡിഎഫ്എസ് അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ യശ്വന്ത് സിംഗ് മീണ അറിയിച്ചു.
പുലർച്ചെ 2.35 മുതൽ 2.37 വരെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായും നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായും അറിയിച്ച് അടിയന്തര ഫോൺവിളികൾ ലഭിക്കുകയായിരുന്നു. തുടർന്ന് മൂന്ന് വാട്ടർ ടെൻഡറുകൾ, രണ്ട് വാട്ടർ ബൗസറുകൾ, ഒരു ബ്രീത്തിംഗ് സപ്പോർട്ട് യൂണിറ്റ്, ഒരു ക്വിക്ക് റെസ്‌പോൺസ് വാഹനം എന്നിവ സ്ഥലത്തെത്തി. അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ യശ്വന്ത് സിംഗ് മീണയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ട്രെയിനിംഗ് ഓഫീസർ മുകുൽ ഭർദ്വാജ്, സ്റ്റേഷൻ ഓഫീസർമാരായ സമർത്ത് ലാൽ, രാജ് കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.
പുലർച്ചെ 3.45ഓടെ തീ നിയന്ത്രണവിധേയമായതായി യശ്വന്ത് സിംഗ് മീണ അറിയിച്ചു. തീ അണച്ച ശേഷവും രക്ഷാപ്രവർത്തനം തുടർന്നു. പ്രവർത്തനത്തിന്റെ അവസാനഘട്ടത്തിൽ ഒരാളെ കൂടി കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതോടെ ഡിഎഫ്എസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയവരുടെ എണ്ണം ആറായി.
കഴിഞ്ഞയാഴ്ച മാളവ്യ നഗറില്‍ ബി ആന്‍ഡ് ബി ഹോട്ടലില്‍ ഉണ്ടായ തീ പിടിത്തത്തില്‍ 22 പേര്‍ മരിച്ചിരുന്നു.