താരസംഘടനയായ 'അമ്മ'യിൽ നേതൃത്വപ്രതിസന്ധി രൂക്ഷമാകുന്നു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചെങ്കിലും, ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. നിലവിലെ ഭരണസമിതി അംഗങ്ങളും ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിട്ടില്ലാത്തതിനാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ കഴിയില്ലെന്ന വിമർശനവും ഉയർന്നു. കൊച്ചിയിൽ രമേഷ് പിഷാരടി എംഎൽഎയുടെ അധ്യക്ഷതയിൽ അഡ്ഹോക്ക് സമിതിയുടെ യോഗം തുടരുകയാണ്.
ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ അവർ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നിയമപരമായി ശ്വേത മേനോനും ഭരണസമിതിയും ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നു.
നിലവിലുള്ള ഭരണസമിതി നിലനിൽക്കെ അഡ്‌ഹോക്ക് സമിതി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭരണസമിതി രാജിവെക്കാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് സമിതിക്ക് തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ടോയെന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു.
നേരത്തെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിയമപരമായി രാജിവെച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താൻ അഡ്‌ഹോക്ക് സമിതിയെ ചുമതലപ്പെടുത്തിയത്. എന്നാൽ നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളും അവിശ്വാസ പ്രമേയവുമാണ് സംഘടനയിൽ ഈ അസ്വസ്ഥതകൾക്ക് വഴിവെച്ചത്. അംഗത്വവും രാജിവെക്കുന്നുണ്ടെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നെങ്കിലും അതും ഔദ്യോഗികമായിട്ടില്ല. ഈ നിയമക്കുരുക്കുകൾ പരിഹരിക്കാൻ വരുംദിവസങ്ങളിൽ സംഘടനയിൽ കൂടുതൽ ചർച്ചകളും അടിയന്തര യോഗങ്ങളും നടക്കുമെന്നാണ് സൂചന.