അയോധ്യ ക്ഷേത്രക്കൊള്ളയില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആലോചന. ഗൂഢാലോചനയിലും പ്രതികളുടെ സ്വത്തിലും വിശദമായ അന്വേഷണത്തിനായാണ് നീക്കം. പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും അയോധ്യയിലെത്തും. സംഭാവന കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് ചമ്പത് റായിയുടെ കുറ്റമെന്ന് വി.എച്ച്.പി നിലപാട് മയപ്പെടുത്തി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയില്‍ നിന്ന് സമീപ മാസങ്ങളില്‍ നടന്ന കൊള്ളയുടെ വിവരങ്ങളും തെളിവുകളുമാണ് ഇതുവരെ പുറത്തുവന്നത്. സംഭാവന എണ്ണുന്ന ജീവനക്കാരടക്കമുള്ള പ്രതികള്‍ നേരത്തെ സമ്പാദിച്ച സ്വത്തും കൊള്ളയ്ക്കായി നടത്തിയ ഗൂഢാലോചനയും വെളിവാകണമെങ്കില്‍ ആഴത്തിലുള്ള അന്വേഷണം വേണം. അതിനായി കേസ് സി.ബി.ഐക്ക് കൈമാറാനാണ് യു.പി സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് വന്നശേഷമാകും അന്തിമ തീരുമാനമെന്നാണ് വിവരം. പ്രതികളുടെ അക്കൗണ്ടുകളിൽ 77 ലക്ഷത്തിലധികം രൂപയുടെ പണമിടപാട് നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഇന്നലെ നടത്തിയ പരിശോധനയിൽ പണം, സ്വർണ്ണം, വെള്ളി, വിദേശ കറൻസി എന്നിവ അടങ്ങിയ സംഭാവനപ്പെട്ടിയും കണ്ടെടുത്തു. പെട്ടിയിൽ ക്യുആര്‍ കോഡും പതിപ്പിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ പണം കണ്ടെടുത്തത് പ്രതി അവിനാശ് ശുക്ലയിൽ നിന്നാണ്, 20.39 ലക്ഷം രൂപ. മറ്റു പ്രതികളിൽനിന്നായി 57.46 ലക്ഷം രൂപയാണ് കണ്ടെടുത്തത്. പണത്തിന് പുറമേ 11 ഗ്രാം സ്വർണ്ണം, 375 ഗ്രാം വെള്ളി, 1,121 യുഎസ് ഡോളർ എന്നിവയും കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജിനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. സംഭാവന എണ്ണുന്ന ജീവനക്കാരെ അയച്ച സൈനിക് സെക്യൂരിറ്റി സർവീസസിലെ സൂപ്പർവൈസർമാരെയും ചോദ്യംചെയ്യും ചമ്പത് റായ്, ട്രസ്റ്റ് മുന്‍ അംഗം അനിൽ മിശ്ര, അക്കൗണ്ട്സ് ഓഫീസര്‍ ഗോപാൽ റാവു എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് അയോധ്യയിലെ അഭിഭാഷകന്‍ പോലീസ് സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടു.
ചമ്പത് റായിക്കെതിരായ സംഘടനാ നടപടിയെടുക്കണമോയെന്ന് എസ്.ഐ.ടി അന്വേഷണം പൂർത്തിയായ ശേഷമേ തീരുമാനിക്കു. സംഭാവന കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയ്ക്ക് റായ് കുറ്റക്കാരനായിരിക്കാം, വിഎച്ച്പിക്ക് ക്രമക്കേടില്‍ ഉത്തരവാദിത്തമില്ലെന്നും അധ്യക്ഷൻ അലോക് കുമാർ ആവര്‍ത്തിച്ചു. നിലവിൽ വിഎച്ച്പി ഉപാധ്യക്ഷനാണ് ചമ്പത് റായ്. ട്രസ്റ്റില്‍ അഴിച്ചുപണിക്കായി ആര്‍.എസ്.ആസില്‍ ചര്‍ച്ചകള്‍ തുടങ്ങി. പ്രധാനമന്ത്രിയുമായുനം കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനം.