പയ്യന്നൂർ തായിനേരിയിലെ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ പിടി പീരിയഡിൽ കളിക്കാൻ വരാത്തതിന്റെ പേരിൽ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. തായിനേരി എസ്.എ.ബി.ടി.എം (SABTM) ഹയർ സെക്കൻഡറി സ്കൂളിലെ 13 വയസുകാരനാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ കായികാധ്യാപകനായ രഘുവിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 22-നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പനിയായതിനാലാണ് കുട്ടി ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസിൽ തുടർന്നത്. ക്ലാസിലിരുന്ന മറ്റ് കുട്ടികൾക്ക് ചെറിയ ശിക്ഷ നൽകിയ അധ്യാപകൻ, ഈ കുട്ടിയെ വടികൊണ്ട് കാലിനും പുറത്തും അതിക്രൂരമായി അടിക്കുകയായിരുന്നു. മുതുകിൽ മാത്രം ഇരുപത്തഞ്ചോളം തവണ അടിച്ചതായി അമ്മ പറയുന്നു.
മർദ്ദനത്തിന് ശേഷവും ദേഷ്യം തീരാതെ അധ്യാപകൻ കുട്ടിയുടെ തൊണ്ടക്കുഴിയിൽ അമർത്തി ശ്വാസം മുട്ടിക്കുകയും പിന്നോട്ട് തള്ളുകയും ചെയ്തു. തുടർന്ന് ചെവി പിടിച്ച് തിരിച്ച് വശത്തേക്ക് തള്ളിയിട്ടതായും കുട്ടിയുടെ മാതാവ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ശരീരത്തിൽ ചുവന്ന പാടുകളുമായി കരഞ്ഞുകൊണ്ടാണ് അന്ന് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർമാരും ഇത് കനത്ത പ്രഹരമാണെന്ന് സ്ഥിരീകരിച്ചു.
മർദ്ദനമേറ്റതിന് ശേഷം ഭയം കാരണം കുട്ടി ഇതുവരെ സ്കൂളിലേക്ക് പോയിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നാലെ വിഷയം ഒത്തുതീർപ്പാക്കാൻ സ്കൂൾ മാനേജ്മെന്റും അധികൃതരും കടുത്ത സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു.
"പൊലീസ് സ്റ്റേഷനിൽ അറിയിക്കരുതെന്നും പുറത്തറിഞ്ഞാൽ സ്കൂളിനും കുടുംബത്തിനും നാണക്കേടാണെന്നുമാണ് പ്രിൻസിപ്പലും മറ്റ് അധ്യാപകരും വന്ന് പറഞ്ഞത്. ആരും അറിയാതെ പ്രശ്നം പരിഹരിക്കാമെന്നും അധ്യാപകനെ താൽക്കാലികമായി പുറത്താക്കാമെന്നും അവർ പറഞ്ഞു." അക്രമം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അധ്യാപകനെതിരെ സ്കൂൾ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുറ്റക്കാരനായ അധ്യാപകൻ സ്കൂളിലുള്ളപ്പോൾ കുട്ടിയെ എങ്ങനെ വിശ്വസിച്ച് സ്കൂളിലേക്ക് വിടുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
വിദ്യാർത്ഥികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇതേ സ്കൂൾ മുൻപും വിവാദത്തിലായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ, സ്കൂൾ ബസ് ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബസിൽ നിന്ന് ജീവനക്കാരൻ പിടിച്ചിറക്കി അപമാനിച്ചിരുന്നു. അന്ന് മനോരമ ന്യൂസ് വാർത്ത നൽകിയതിനെ തുടർന്ന് സ്കൂൾ അധികൃതർ പരസ്യമായി തെറ്റ് സമ്മതിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരു വിദ്യാർത്ഥിക്ക് നേരെ കടുത്ത ശാരീരിക ഉപദ്രവം ഉണ്ടായിരിക്കുന്നത്.