സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര പദ്ധതിക്കെതിരെ മെന്‍സ് അസോസിയേഷന്‍. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെന്‍സ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും അജിത് കുമാര്‍ പറഞ്ഞു.

സൗജന്യയാത്ര പുരുഷന്മാരുടേയും അവകാശമാണ്. സ്ത്രീവിരുദ്ധതയല്ല പറയുന്നത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കൂ. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷക്കണത്തിന് രൂപ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് എന്തിന് സൗജന്യയാത്ര കൊടുക്കണം എന്ന് അജിത് കുമാര്‍ ചോദിച്ചു.  

പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. നമുക്ക് വേണ്ടത് ചോദിച്ചുവാങ്ങണം, ഇല്ലെങ്കില്‍ പിടിച്ചുവാങ്ങണം. പുരുഷന്മാര്‍ക്കും ബസില്‍ സംവരണ സീറ്റ് വേണം. അമ്മ തന്നെയാണ് പുരുഷന്മാരേയും പ്രസവിച്ചത്, പെണ്ണുങ്ങളെ മാത്രമല്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊടുക്കട്ടെ. സ്ത്രീകള്‍ക്ക് മാത്രമെന്തിന് സൗജന്യം. അവരാരാ? 15–ാം തിയതി നമ്മള്‍ പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യും. ഒരാളും ടിക്കറ്റ് എടുക്കരുത് എന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.  

ENGLISH SUMMARY:

KSRTC free bus travel for women is facing opposition from the Men's Association. They plan to protest on June 15th, demanding equal rights and expressing concerns about the scheme's fairness.