തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള മൂല്യമേറിയ സ്വർണ-വെള്ളി വസ്തുക്കൾ കാണാനില്ലെന്ന റിപ്പോർട്ട്. നെയ്യാറ്റിൻകര സബ് ഗ്രൂപ്പിലെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ പാറശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് തിരുവാഭരണ കമ്മീഷണറുടെ പരിശോധനയിൽ കണ്ടെത്തിയത്.

ശബരിമല സ്വർണക്കൊള്ള കേസിലെ ദുരൂഹതകൾ തുടരുന്നതിനിടെയാണ് ദേവസ്വം ബോർഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങൾ കാണാതായെന്ന വിവരം പുറത്തുവരുന്നത്. സംഭവത്തിൽ കടത്താണോ ക്രമക്കേടാണോ നടന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

ദേവസ്വം ബോർഡിന്റെ നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പാറശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പാറശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണക്കട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ ഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീരചക്രം എന്നിവ ഉൾപ്പെടെ ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും തിരുമുഖവും കാണാനില്ലെന്നാണ് കണ്ടെത്തൽ.

ഉത്സവാവശ്യങ്ങൾക്കായി വിവിധ ഘട്ടങ്ങളിലായി ക്ഷേത്രങ്ങൾക്ക് കൈമാറിയ വസ്തുക്കൾ പിന്നീട് തിരികെ ലഭിച്ചതായി രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഇത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മിഷണറോട് നിർദേശിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.