ബിയറിന് എംആർപി (MRP) വിലയേക്കാൾ പത്ത് രൂപ അധികം ഈടാക്കിയ സംഭവത്തിൽ പത്തനംതിട്ട പെരിന്നാട് ബെവ്‌കോ ഡിപ്പോ മാനേജർക്ക് ഉപഭോക്തൃ കോടതി പിഴ ചുമത്തി. പെരിന്നാട് സ്വദേശിയായ ആകാശ് എന്നയാൾ വാങ്ങിയ 650 മില്ലി ബിയറിന്, രേഖപ്പെടുത്തിയ എംആർപി വിലയായ 170 രൂപയ്ക്ക് പകരം 180 രൂപ ഈടാക്കി.
സർക്കാർ നിർദ്ദേശപ്രകാരവും നികുതി വർധനവിനെത്തുടർന്നും എംആർപിയിൽ നിന്ന് പത്ത് രൂപ അധികം വാങ്ങാൻ നിർദ്ദേശമുണ്ടെന്നായിരുന്നു ബെവ്‌കോ മാനേജരുടെ വിശദീകരണം.
ലീഗൽ മെട്രോളജി നിയമപ്രകാരം എംആർപിയിൽ കൂടുതൽ തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നിലവിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിലയിൽ മാറ്റം വരുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവായി 10,000 രൂപയും, അധികമായി വാങ്ങിയ 10 രൂപയും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാനാണ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.