kerala-police-privacy

അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സലിംകുമാറിന്‍റെ മകന്‍ ചന്തുവിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാന്‍...’ എന്നു തുടങ്ങുന്ന കേരള പൊലീസിന്‍റെ പോസ്റ്റ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമെല്ലാം ചിലർക്ക് സമൂഹമാധ്യമങ്ങളിൽ വ്യൂസ് ലഭിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നും അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ്മ വേണമെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. ഇതിനുള്ള ശിക്ഷകളും പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്്. ഐടി ആക്ടിലെ സെക്ഷന്‍ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലുണ്ടായ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേരത്തേ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ സമീപനത്തെ ‘അശ്ലീലം’ എന്നാണ് സുപ്രിയ മേനോന്‍ വിശേഷിപ്പിച്ചത്. തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തിയാണെന്നും ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും അവർക്ക് ധാരാളം വേദനയുണ്ടെന്നും സുപ്രിയ സമൂഹമാധ്യമ പോസ്റ്റില്‍ കുറിച്ചു. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ എന്നാണ് സുപ്രിയ വിശേഷിപ്പിച്ചത്. തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് നടി രജീഷ വിജയനും പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

The Kerala Police have issued a strong warning to digital media outlets following a public outcry over the intrusive behavior of camera crews at the late actor Salim Kumar's funeral. In an official social media post, the police highlighted that capturing and circulating private, sensitive moments without consent for the sake of social media views is a direct violation of human rights and personal dignity. Citing the Constitution of India, they reminded citizens and media personnel alike that the right to privacy is a fundamental right, and any breach could attract severe legal consequences. Under Section 66E of the IT Act, offenders can face up to three years of imprisonment and a fine of ₹2 lakh for recording or sharing private images or videos without permission. This intervention comes after prominent personalities like Supriya Menon and Rajisha Vijayan publicly lashed out at the "obscene" lack of empathy shown by some media groups, calling for a return to human decency during times of grief.