കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരും കാസര്‍കോടും കോഴിക്കോടും നാളെ അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകം. മൂന്ന് ജില്ലകളിലെയും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ജില്ലയിലെ സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 9) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത മഴയ്ക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (09/06/2026), ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷലൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കാസർകോട് ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്ത് പെരുമഴയും കാലവര്‍ഷക്കെടുതികളും തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പട്ടം സര്‍ക്കാര്‍ സ്കൂളിന്‍റെ മതില്‍ തകര്‍ന്നു. കേരള തീരത്ത് നാളെ വരെ മത്സ്യ ബന്ധനം വിലക്കി. നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം കനക്കുമ്പോള്‍ സംസ്ഥാനമൊട്ടുക്ക് ദുരിതപ്പെയ്ത്ത്. കൊല്ലം പൂയപ്പള്ളിയില്‍ വീടിന് മുകളില്‍ പ്ലാവ് വീണ് വീട്ടിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു . വടക്കുംകര സ്വദേശി അനില്‍കുമാറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. തൃശൂര്‍ എരുമപ്പെട്ടി കാഞ്ഞിരക്കോട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് കാഞ്ഞിരക്കോട് സ്വദേശിയായ കൃഷ്ണറാവുവിന്‍റെ വീട് തകര്‍ന്നു. കുടുംബം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസര്‍കോട് കുമ്പളയില്‍ സുരേഷിന്‍റെ വീട്ടിലെ മതിലിടിഞ്ഞ് വീണു. തിരുവനന്തപുരം പട്ടം ഗേള്‍സ് സ്കൂളിന്‍റെ മതില്‍ തകര്‍ന്നു. കുട്ടികള്‍ നടന്നു പോകുന്ന വഴിയിലേയ്ക്കാണ് മതിലിടിഞ്ഞതെങ്കിലും സ്കൂള്‍ സമയത്തിന് മുമ്പായതിനാല്‍ ദുരന്തമൊഴിവായി.
പത്തനംതിട്ട കൂടല്‍ എച്ച്.എസ്.സ്കൂളിലെ ആല്‍മരം കടപുഴകി വീണു. വര്‍ഷങ്ങള്‍ പഴക്കമുള്ള മരമാണ് നിലംപതിച്ചത്. രാത്രിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ വ്യാപക മഴയ്ക്കാണ് സാധ്യത. ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു.തിരുവനന്തപുരം പൊന്മുടിയില്‍ ഹില്‍ സ്റ്റേഷനില്‍ പ്രവേശനം നിരോധിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.