കേന്ദ്രമന്ത്രിമാരുമായി സി.ജെ.പി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. നീറ്റ് പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. സിജെപി ഉന്നയിച്ച മൂന്നു ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ കേന്ദ്രം അനുകൂലമായാണ് പ്രതികരിച്ചത്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ മറുപടിക്ക് സാവകാശം തേടി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കരുത് എന്നീ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ച മട്ടാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ നാളെ ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സമയം തേടിയെന്ന് സിജെപി പ്രതിനിധികള്‍ പറഞ്ഞു. ഡല്‍ഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും പങ്കെടുത്തു.
പ്രധാന്‍റെ രാജി മാത്രമാണ് പരിഹാരമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം പ്രധാനാണ്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ക്രിമിനലാണെന്നും രാഹുല്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പമാണ് രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്നത്തെ ചര്‍ച്ച സൗഹാര്‍ദപരമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. നാളെ വൈകീട്ട് 3.30 ന് സി.ജെ.പിയുമായി കേന്ദ്രമന്ത്രിമാര്‍ വീണ്ടും ചര്‍ച്ച നടത്തും. അതേസമയം, പ്രധാനമന്ത്രി വിഭ്യാഭ്യാസ മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താങ്കളുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക സമരത്തിലേക്ക് ഞങ്ങള്‍ നീങ്ങുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.