പ്രസവിച്ച് എട്ടാം നാള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച ആ അമ്മ ഇന്ന് ഉള്ളുരുക്കി  പ്രാര്‍ഥിക്കുകയാണ്. കുഞ്ഞിനെ തിരികെ ലഭിക്കാനായി. ഒരുനിമിഷത്തെ ചിന്തയില്‍ ഉപേക്ഷിച്ച കുഞ്ഞിനായി കോഴിക്കോട് കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ കോഴിക്കോട് ബീച്ചാശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയാണ് മകന് വേണ്ടി തിരിച്ചെത്തിയത്. മാര്‍ച്ച് 12ന് ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുടുംബവുമായി ജീവിക്കുന്നതിനിടെ ആണ്‍സുഹൃത്തില്‍ നിന്ന് ഗര്‍ഭിണിയായതോടെ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് ആണ്‍സുഹൃത്തുമായി അകന്നു. 

ആത്മഹത്യയുടെ വക്കിലെത്തിയതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് മൂത്തമകനൊപ്പം ഇറങ്ങി കടപ്പുറത്തെത്തി കുഞ്ഞിന് പാല്‍ നല്‍കി. രാത്രി പത്തരയോടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. കുഞ്ഞെങ്കിലും നന്നായി വളരട്ടെയെന്നുമാത്രമായിരുന്നു ചിന്ത.  കുഞ്ഞിന് അമ്മത്തൊട്ടിലിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആരവ് എന്നാണ് പേരിട്ടു.  പിന്നീട് കുഞ്ഞിനെ തിരികെ വേണമെന്ന്  തോന്നിയപ്പോഴാണ് കലക്ട്രേറ്ററില്‍ എത്തിയത്. 

വെള്ളിമാട്‌കുന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണിനെ കണ്ട് അപേക്ഷ നല്‍കി. ഉപേക്ഷിച്ച് 60 ദിവസത്തിനുള്ളില്‍ കുഞ്ഞിനെ തിരികെ ലഭിക്കുന്നതില്‍ നിയമതടസമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തണം. തുടര്‍നടപടിക്കായി റിപ്പോര്‍ട്ട് സിഡബ്ല്യൂസി വഴി പൊലീസിന് കൈമാറും. അമ്മയ്ക്ക് കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്ന് പൊലീസ് കണ്ടെത്തിയതിനുശേഷമേ കുഞ്ഞിനെ കൈമാറൂ. 

ENGLISH SUMMARY:

Malayala Manorama Online News reports on a mother's deep regret after abandoning her newborn in an 'Ammathottil' (cradle) in Kozhikode. She is now desperately praying for her child's return and is actively seeking legal recourse at the Kozhikode Collectorate.