ഖജനാവിലുള്ള പണം കുടിശിക വരുത്തി ബാക്കി വച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കൊടുക്കേണ്ട തുകയെല്ലാം കൊടുക്കാതെ പിടിച്ചുവച്ചു. മിക്ക മേഖലയിലും കഴിഞ്ഞ സര്‍ക്കാര്‍ കുടിശിക വരുത്തി. 

'SC/ST സ്കോളര്‍ഷിപ് എങ്കിലും നല്‍കാമായിരുന്നില്ലേ?. പുതിയ സര്‍ക്കാരിന് ബാധ്യതയുണ്ടാക്കി. കെഎസ്ആര്‍ടിസി സൗജന്യയാത്രയ്ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കും. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണിച്ചിട്ടില്ല. കേന്ദ്രത്തെ വെള്ളപൂശുന്നുവെന്നത് ഇടത് ക്ലീഷേയാണ്. കിഫ്ബി കൊണ്ട് എന്ത് ഗുണം. ? ഇതിന്‍റെ പ്രവര്‍ത്തനം പഠിച്ച് തിരുത്തല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി 

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷംരൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

 

അതീവഗുരുതര സാമ്പത്തിക പ്രതിസന്ധി

 

സംസ്ഥാനം അതീവഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വ്യക്തമാക്കി യുഡിഎഫ്  സർക്കാരിന്റെ ധവളപത്രം. 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ആകെ കടബാധ്യത. ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള കുടിശിക മാത്രം 48,733 കോടി രൂപയാണെന്നും ധവളപത്രം വ്യക്തമാക്കുന്നു . 21,000 കോടി വായ്പാ ബാധ്യത വരുത്തിയ കിഫ്‌ബിയെ പൊളിച്ചെഴുതുമെന്നു കൂടി വ്യക്തമാക്കുന്നതാണ് നിയമസഭയിൽ വെച്ച സാമ്പത്തിക രേഖ . 

 

പുതിയ യുഡിഎഫ് സർക്കാരിന് മുൻ എല്‍ഡിഎഫ് സർക്കാരുകളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പാരമ്പര്യം ഗുരുതര സാമ്പത്തികപ്രതി സന്ധിയാണെന്ന് ധവള പത്രം പറയുന്നു . കണക്കുകൾ ഒന്നൊന്നായി നിരത്തിയാണ് ഇക്കാര്യം വിശദീകരിക്കുന്നത് . സംസ്ഥാനത്തിന്റെ ആകെ കടം 5.07 ലക്ഷം കോടി , ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ ഡി.ആർ കുടിശികയായി നൽകാനുള്ളത് 48733 കോടി , പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ആര്‍ടിസി, ജലഅതോറിറ്റി എന്നിവ ഉൾപ്പെടെ വരുത്തി വെച്ച സഞ്ചിത നഷ്‌ടം 78, 851 കോടി ഇങ്ങനെയാണ് ബാധ്യതയുടെ കണക്കുകൾ . നികുതി വരുമാനവും കേന്ദ്ര സഹായവും വലിയ തോതിൽ കുറഞ്ഞു . ട്രഷറി പ്രതിസന്ധി രൂക്ഷമാണ് . 

Also Read: ധവളപത്രം സഭയില്‍; ഗുരുതരധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി


കിഫ്‌ബിയെ രൂക്ഷമായി വിമർശിക്കുന്നതാണ് ധവള പത്രം . 21000 കോടിയുടെ വായ്പാ സാധ്യതയാണ് കിഫ്ബി വരുത്തി വെച്ചിരിക്കുന്നത് . കിഫ്‌ബി ക്കായുള്ള വകമാറ്റം മൂലം ബജറ്റ് ചെലവിന് പോലും പണമില്ല . സ്വതന്ത്രമായി കടമെടുക്കാൻ കിഫ്‌ബിയെ അനുവദിക്കരുത് . കിഫ്ബിക് ഓഡിറ്റ് ഏർപ്പെടുത്തണമെന്നും അഴിച്ചു പണിയണമെന്നും ധവള പത്രം അടിവരയിട്ട് പറയുന്നു . സുതാര്യമായ ധന മാനേജ് മെൻ്റ് , അധിക നികുതി വരുമാന സമാഹരണം , സ്വകാര്യ മൂലധനം ആകർഷിക്കുക എന്നിവ ധവള പത്രം മുന്നോട്ട് വെക്കുന്നു . ശമ്പള പരിഷ്‌ക്കരണ കാലാവധി നീട്ടണമെന്നും പെൻഷൻ പ്രായം 58 ലേക്ക് ഉയർത്തുക എന്ന സുപ്രധാനമായ ശുപാർശയും ധവള പത്രത്തിലുണ്ട് .

 

ഭരണ–പ്രതിപക്ഷ തര്‍ക്കം

 

ധവളപത്രത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ തര്‍ക്കം. ധനവകുപ്പ് തയ്യാറാക്കേണ്ട ധവളപത്രം പുറത്തുള്ള വിദഗ്ദരെ ഏല്‍പ്പിച്ചത് സത്യപ്രതിജ്ഞ ലംഘനമെന്ന് പ്രതിപക്ഷം. ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഒരു രഹസ്യ രേഖയും പുറത്തേക്ക് നല്‍കിയിട്ടില്ലെന്നും  ധവളപത്രം വായിച്ച് പോലും നോക്കാതെ രാഷ്ട്രീയ രേഖയെന്ന ആരോപണം മുന്‍വിധി മൂലമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷ എതിര്‍പ്പ് തള്ളി ധവള പത്രം സഭാരേഖയായി സ്പീക്കര്‍ പ്രഖ്യാപിച്ചു.  

 

ധവളപത്രം മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും മുന്‍പ്തന്നെ മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിയോജനക്കുറിപ്പ് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ധവളപത്രം മേശപ്പുറത്ത് വച്ചിന് പിന്നാലെ കെ.എന്‍ ബാലഗോപാല്‍ തന്‍റെ വിയോജനം സഭയെ അറിയിച്ചു. ധനവകുപ്പിന്‍റെ രഹസ്യ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ധവള പത്രം തയ്യാറാക്കുന്നത്. ഇത് പുറത്തുള്ള വിദഗ്ദര്‍ക്ക് എങ്ങനെ നല്‍കുമെന്നായിരുന്നു ബാലഗോപാലിന്‍റെ ചോദ്യം. നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ബാലഗോപാല്‍. 

 

ഒരു രഹസ്യ രേഖയും പുറത്തേക്ക് പോയിട്ടില്ലെന്നും, മന്ത്രിസഭയുടെ അനുമതിയോടെയാണ് എല്ലാ നടപടികളെന്നും മുഖ്യമന്ത്രിയുടെ മറുപടി. ധവളപത്രം രാഷ്ട്രീയ രേഖയല്ലെന്നും കെട്ടിപ്പൊക്കിയ മിഥ്യകളൊന്നും ശരിയല്ലെന്ന് വ്യക്തമാക്കുന്ന കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെ അടിസ്ഥാന രേഖയായി ധവളപത്രം മാറുമെന്നും മുഖ്യമന്ത്രി. 

 

മുഖ്യമന്ത്രി വീണിടത്തുനിന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് കടുപ്പിച്ചു. ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി തയ്യാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയാണെന്നും പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഏത് നടപടിക്രമമാണ്, ചട്ടമാണ്, നിയമമാണ് ലംഘിച്ചതെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം. ധവളപത്രം കാണുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ രേഖയെന്ന് പറയുന്നത് മുന്‍വിധിയാണെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ വിയോജനം തള്ളി ധവളപത്രം നിയമസഭയുടെ ഔദ്യോഗിക രേഖയായി അംഗീകരിച്ച് സ്പീക്കര്‍ റൂളിങ് പുറപ്പെടുവിച്ചു. 

 

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് അംഗീകരിക്കുന്നുവെന്ന് തോമസ് ഐസക് പ്രതികരിച്ചു. പക്ഷേ എന്താണ് ശരിയായ പ്രശ്നമെന്ന് ധവളപത്രത്തില്‍ പറയുന്നില്ല. കേന്ദ്രസര്‍ക്കാരിനെ ധവളപത്രം വെള്ളപൂശുകയാണ്. കേന്ദ്രവിരുദ്ധ സമരത്തിന് സര്‍ക്കാര്‍ തയാറുണ്ടോയെന്നും ഐസക് ചോദിച്ചു

 

ENGLISH SUMMARY:

Kerala is facing a severe financial crisis according to a white paper released by the UDF government, highlighting a total debt of 5.07 lakh crore rupees and significant arrears owed to employees and pensioners. The white paper also severely criticizes KIIFB for its financial liabilities and suggests restructuring its operations to ensure transparent financial management and attract private capital for future development.