സംസ്ഥാനത്ത് ധനപ്രതിസന്ധിയെന്ന് ധവളപത്രം. ആകെ കടബാധ്യത 5.07 ലക്ഷം കോടിയാണ്. ട്രഷറി പ്രതിസന്ധി രൂക്ഷം. ശമ്പള, പെന്‍ഷന്‍ കുടിശികമാത്രം 48,733 കോടിയുണ്ടാകും. കിഫ്ബി വായ്പാബാധ്യത 21,000 കോടിയാണ്. പൊതുമേഖലാ സ്ഥാപന സഞ്ചിതനഷ്ടം 78,851 കോടി. നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും ജല അതോറിറ്റിയുമാണ്. വരുമാനത്തിന്റെ 77 ശതമാനവും നിര്‍ബന്ധിത ചെലവിനാണ്. ദൈനംദിന ചെലവുകള്‍ക്ക് പണമില്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. നീക്കിയിരിപ്പ് 2,211 കോടിയാണ്. കഴിഞ്ഞ മേയ് 16 വരെ ട്രഷറി നീക്കിയിരിപ്പ് 2,211 കോടിയാണ്.
ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ഇതിനിടെ വിയോജന പ്രമേയവുമായി മുന്‍ ധനമന്ത്രി രംഗത്തെത്തി. നിയമസഭയുടെ നടപടികള്‍ പാലിച്ചില്ലെന്നും ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ധവളപത്രം തയാറാക്കിയത് ധനവകുപ്പിന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു രഹസ്യരേഖയും ആര്‍ക്കും കൈമാറിയിട്ടില്ല. കെട്ടിപ്പൊക്കിയ മിഥ്യകള്‍ ജനങ്ങള്‍ അറിയട്ടെ. ഇത് രാഷ്ട്രീയ രേഖയല്ല. ഭാവികേരളത്തിനായുള്ള അടിസ്ഥാന രേഖയാണ്. കാണും മുന്‍പ് രാഷ്ട്രീയ രേഖയെന്ന് എങ്ങനെ പറയും?
പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് മുന്‍വിധിയോടെയാണ്. നടപ്പാക്കുന്നത് ഞങ്ങളുടെ നയമെന്നും വി.ഡി.സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ആസൂത്രണ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഡോക്ടർ കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ, ട്രഷറിയിലെ നീക്കിയിരിപ്പ്, നികുതി വിഹിതത്തിനു പുറമേ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയ അധിക വരുമാനത്തിന്റെയും, കേന്ദ്രം വെട്ടിക്കുറച്ച ഫണ്ടുകളുടെയും കണക്കുകൾ തുടങ്ങിയവ ധവള പത്രത്തിൽ ഉണ്ടാകും.
ധനകാര്യസ്ഥിതി മെച്ചപ്പെടുത്താനുള്ള പരിഷ്കാര നടപടികൾക്കുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉണ്ടാകും. 10 വർഷത്തെ ഇടതുഭരണം കേരളത്തെ പാപ്പരാക്കി എന്നതാണ് യുഡിഎഫിന്റെ വാദം. 5000 കോടിയിലധികം രൂപ ഖജനാവിൽ ബാക്കി വെച്ചാണ് അധികാരത്തിൽ നിന്ന് പടിയിറങ്ങിയത് എന്നതാണ് ഇടതുപക്ഷത്തിന്റെ വാദം. അതിനാൽ ധവളപത്രത്തിലെ കണ്ടെത്തലുകളെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് നിയമസഭക്ക് അകത്തും പുറത്തും ഉയരും.