ഇ.ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽപാത പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കുക വിയോജിക്കുന്നവരുമായി ആശയവിനിമയം നടത്തിയശേഷം ആയിരിക്കും. സർക്കാരിന് ലഭിച്ചിരിക്കുന്ന പദ്ധതി നിർദേശം ആദ്യം പഠിച്ച ശേഷം, പാരിസ്ഥിതിക വിഷയങ്ങളിൽ ഉൾപ്പെടെ വിയോജിപ്പുള്ളവരുമായി സർക്കാർ ആശയവിനിമയം നടത്തും. ഇ. ശ്രീധരന്റെ പദ്ധതിയോട് സിൽവർ ലൈൻ വിരുദ്ധസമിതി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിവേഗ റെയിലിനെ പറ്റി കൃത്യമായ വ്യക്തതവന്ന ശേഷമെ മന്ത്രിസഭായോഗത്തിലേക്ക് വിഷയം സർക്കാർ കൊണ്ടുവരികയുള്ളൂ. മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം എന്നതാണ് ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയിൽ പറയുന്നത്.  

പൂജപ്പുരയില്‍ നിന്ന് കണ്ണൂര്‍ മുണ്ടയാട് വരെ 473.3 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 23 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. പിന്നീട് 16 കോച്ചുകള്‍വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്ഫോമുകള്‍ സജ്ജീകരിക്കുക.

കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 10 കിലോമീറ്റർ റോഡ്. തിരുവനന്തപുരത്ത് മാത്രം തുരങ്കം, മറ്റിടങ്ങളില്‍ ആകാശപാത. മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സർവീസ് വേഗത 140 കിലോമീറ്ററായിരിക്കും. മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റയില്‍പാതയുടെ പ്ലാറ്റ്ഫോമുകള്‍ 16 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന രീതിയിലായിരിക്കും. തിരക്കേറിയ സമയങ്ങളില്‍ എല്ലാ 20 മിനിറ്റിലും സര്‍വ്വീസുണ്ടാകും. ഒരുദിവസം 54,400 യാത്രക്കാരെ വരെയാണ് പ്രതീക്ഷിക്കുന്നത്. 

സർക്കാർ അനുമതി ലഭിച്ചാൽ അഞ്ചുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തിയ ശേഷം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം.

ENGLISH SUMMARY:

The Kerala high-speed rail project, proposed by E Sreedharan, will involve government decisions only after consulting with stakeholders and addressing environmental concerns. This initiative aims to connect Thiruvananthapuram to Kannur in three and a half hours, with detailed studies on social and environmental impacts preceding any final approval.