മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച്ച നടത്താൻ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുടെ ആലുവ ദേശത്തെ വസതിയിൽവച്ച് നാളെ രാവിലെ എട്ടിനാണ് തുഷാര്‍ വെള്ളാപ്പള്ളി – വി.ഡി.സതീശന്‍ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ജന്മദിനം കൂടിയാണ് നാളെ.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വി.ഡി.സതീശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതിരുക്ഷമായി വിമർശിച്ചിരുന്നു. തിരിഞ്ഞെടുപ്പിന് ശേഷവും സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പിന് പിന്നില്‍ നിന്ന് എല്ലാം ചെയ്തത് കെ.സി.വേണുഗോപാലാണെന്നും വി.ഡി.സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനം.
അതേസമയം, മുഖ്യമന്ത്രിയായ ശേഷം വി.ഡി.സതീശൻ വിവിധ സമുദായ നേതാക്കളെ നേരില്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണാനെത്തുന്നത്. എന്നാല്‍ എൻഡിഎ സംസ്ഥാന കൺവീനറായ തുഷാര്‍ വെള്ളാപ്പള്ളിയും വി.ഡി.സതീശനുമായുള്ള കൂടിക്കാഴ്ച വിവാദങ്ങള്‍ക്കും വഴിവച്ചേക്കാം.