തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ മര്‍ദ്ദനം നടന്നത് അമ്മയുടെ അറിവോടെ. പങ്കാളിയായ അഷ്കര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തനിക്ക് അറിയാമായിരുന്നു എന്ന് അഖില പൊലീസിനോട് സമ്മതിച്ചു. ഇക്കാര്യം അറിഞ്ഞുകൊണ്ട് അഖില കുഞ്ഞിനെ അഷ്കറിനെ ഏല്‍പ്പിച്ച് മാറി നിന്നു. കുട്ടി മരിക്കുന്ന സമയം അഖില ഡാന്‍സ് പരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു. 

കേസില്‍ പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചു. കുട്ടിയെ മകളുടെ പങ്കാളി മർദ്ദിക്കുന്നതായി സംശയമുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പരാതി നല്‍കിയെങ്കിലും ഇത് ഗൗരവത്തോടെ കണ്ടില്ല. കുട്ടിയുടെ  അമ്മ അഖിലയുടെ മാതാവ് റീന ആയിരുന്നു നെടുമങ്ങാട് സ്‌റ്റേഷനിൽ പരാതി നല്കിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞെന്നറിഞ്ഞപ്പോൾ ആയിരുന്നു റീന പരാതിയുമായി എത്തിയത്. എന്നാൽ മാതാവ് തന്റെ കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന അഖിലയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുകയായിരുന്നു. കുട്ടിയെ മുത്തശ്ശിക്കൊപ്പം അയക്കണമെന്ന ആവശ്യവും തള്ളി.

കുട്ടി സൈക്കളില്‍ നിന്ന് വീണതാണെന്ന് അമ്മ വ്യക്തമാക്കിയതോടെ പൊലീസ്  വിശദ അന്വേഷണം നടത്തിയില്ല. കുഞ്ഞിനെ വിട്ടു നല്‍കണം എന്നു കാണിച്ച് നിയമപരമായി നീങ്ങാനിരിക്കെയാണ് ദാരുണ സംഭവമുണ്ടാകുന്നത്. അഖിലയുടെ ഭര്‍ത്താവ് ഗര്‍ഭിണിയായ സമയത്ത് മരിച്ചിരുന്നു. പിന്നീട് കുട്ടിയെ മുത്തശ്ശിയാണ് വളര്‍ത്തിയത്. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്നു കുട്ടിയെ ഒരു മാസം മുന്‍പാണ് അഖില കൊണ്ടുപോയത്. ഈ സമയത്താണ് ക്രൂര മര്‍ദനം നടന്നത്. 

ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് അഷ്കര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒന്നര മാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും മുത്തശ്ശി ആരോപിച്ചു. പുഴുത്ത പട്ടിയെ പോലെ മാത്രമെ നോക്കുവെന്ന് രണ്ടാനച്ഛൻ പറഞ്ഞതായും മുത്തശി മനോരമ ന്യൂസിനോട് പറഞ്ഞു. മരണമല്ല കൊലപാതകമാണെന്നും പിന്നില്‍ കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളിയാണെന്നും ആദ്യ ഭര്‍ത്താവിന്‍റെ പിതാവ് പറഞ്ഞു. സിഗരറ്റ് വച്ച് കുത്തിച്ച പോലുള്ള വട്ടത്തിലുള്ള പാട് ശരീരത്തിലുണ്ട്. ജനനേന്ദ്രിയത്തിന്‍റെ തൊലി ഉരിച്ച് അവിടെ നീല നിറമായി. ജനനേന്ദ്രിയത്തില്‍ മാരക മുറിവുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ENGLISH SUMMARY:

Tragic child abuse case in Nedumangad where a one-and-a-half-year-old boy died under suspicious circumstances. The investigation reveals the mother's alleged complicity and significant police negligence in handling prior complaints.