Untitled design - 1

കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ എംഎൽഎ. തോട്ടപ്പള്ളി സ്പില്‍വേയും പൊഴിയും സന്ദര്‍ശിച്ചതിലാണ് ജി.സുധാകരന്‍റെ വിമര്‍ശനം. ഒരു എം.എല്‍.എയുടെ മുകളില്‍ വേറൊരു എം.എല്‍.എ അധികാരം സ്ഥാപിക്കുന്നുവെന്നും സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ജി. സുധാകരന്‍ പറഞ്ഞു.

നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടുമെന്നും ജി.സുധാകരന്‍ പറഞ്ഞു. തോട്ടപ്പള്ളി നൻമ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണ വേദിയിലാണ് സുധാകരന്‍റെ പരാമർശങ്ങൾ. ഒരാഴ്ച മുൻപ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.

'വലിയ സ്ഥാപനത്തിന്‍റെ ഉടമയാണ്. താനവിടെ വെള്ളമടിക്കാൻ പോകാത്തതു കൊണ്ട് തന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കൻമാരെയൊക്കെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താൻ. ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എം.എൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ' എന്നും സുധാകരന്‍ പറഞ്ഞു. 'ജല സേചന വകുപ്പ് മന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എക്ക് ധൈര്യമുണ്ടോ? ജന പ്രതിനിധി മറ്റൊരു ജന പ്രതിനിധിയെ കവച്ചു വെക്കാൻ പാടില്ല. കരിമണലുമായി ഇതിന് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽ നിന്ന് ഐ.ആർ.ഇ യിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. ചില ലോറികൾ അടൂരിലേക്കാണ് പോകുന്നത്. ഇങ്ങനെ പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടർമാരും മര്യാദക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുമെന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറി നിൽക്കുകയാണ്' എന്നും സുധാകരന്‍ പറഞ്ഞു.

ENGLISH SUMMARY:

Kuttanad MLA Regi Cheiriyan faces severe criticism from MLA G. Sudhakaran regarding the Thottappally Spillway and Pozhi. Sudhakaran alleges that Regi Cheiriyan is overstepping his authority and acting out of arrogance due to his wealth, even threatening legal action.