vs-satheesan-press-meet-cm

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. എല്ലാ വെല്ലുവിളികളെയും ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ മറികടന്ന് അതിനെ അതിജീവിച്ച് പുതുയുഗത്തിലേക്കുള്ള യാത്ര തുടരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ഇന്ദിരാ ഗ്യാരന്‍റികളും സര്‍ക്കാര്‍ നടപ്പിലാക്കും. രണ്ടെണ്ണത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളതില്‍ അതിന്‍റെ സാമ്പത്തികമായ കാര്യങ്ങള്‍ പരിശോധിച്ച് ഗവണ്‍മെന്‍റ് തലത്തില്‍ ഉചിതമായ സമയത്ത് അവ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ ഒരു തുറമുഖ നഗരമാക്കുകയെന്നതാണ് വലിയ സ്വപ്നം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും കണ്ടെയ്നര്‍ ടെര്‍മിനലിനെയും പതിനേഴ് മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും.  കേരളത്തെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷന്‍ ഹബ്ബാക്കും. കാരണം  ചെറിയ സ്ഥലത്ത് നാല് രാജ്യാന്തര വിമാനത്താവളങ്ങളാണ് നമുക്കുള്ളത്. അതിനാവശ്യമായ ഏവിയേഷന്‍ പ്രൊജക്ടുകള്‍ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്'-സതീശന്‍ പറഞ്ഞു. 

ഇതുകൂടാതെ ലഹരിമരുന്ന് ശൃംഖലയെ തകർക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. അതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും. തീരപ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ മാറ്റാനുള്ള നടപടികൾ ഉണ്ടാകുമെന്നും മലയോര കർഷകരുടെ വിഷമങ്ങളും വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആധുനികവും പഴയ നിലനിൽക്കുന്നതുമായ പദ്ധതികൾക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തിലും കാന്‍സര്‍ കെയര്‍, മാതൃശിശു ആരോഗ്യം, വയോജനങ്ങളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ ഉറപ്പാക്കിക്കൊണ്ട് ചികിത്സ ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം രംഗത്തും സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നും കാലഹരണപ്പെട്ട ഭൂ നിയമങ്ങള്‍  മാറ്റുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയെ കുറിച്ച് കൂടുതല്‍ പഠിച്ച് വരികയാണെന്നും അതിന് ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സതീശന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Chief Minister V.D. Satheesan asserted that the election promises made by the UDF alliance are absolute commitments that will be fully executed by the new administration. Speaking to the media, he confirmed that two of the five signature 'Indira Guarantees' have already been finalized, with the remaining three undergoing fiscal evaluation before their formal roll-out. The Chief Minister shared an ambitious infrastructure blueprint aiming to transform Kerala into a premier global port city and Asia's central aviation hub by integrating its four international airports and seventeen mini-ports. Additionally, the government plans to enforce zero-tolerance anti-narcotic operations while systematically reforming outdated land laws and reviewing the financial structure of KIIFB. Satheesan also promised comprehensive, low-cost healthcare modules targeting cancer care, mental health, and geriatric welfare, alongside sustainable solutions for distress faced by coastal and hill-range farmers.