നടി അൻസിബ ഹസ്സൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ ചർച്ച ചെയ്യാൻ താരസംഘടനയായ ‘അമ്മ’ (AMMA) ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ (ജൂൺ 1 മുതൽ 3 വരെയുള്ള തീയതികളിൽ) ഏതെങ്കിലും ഒരു ദിവസം നേരിട്ട് ഹാജരാകാൻ സംഘടന അൻസിബയ്ക്ക് കത്ത് നൽകി. ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയുള്ള പരാതികളിൽ തെളിവുകളുണ്ടെങ്കിൽ അത് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറാനാണ് നിർദ്ദേശം.

എന്നാൽ, സംഘടനയുടെ കത്തിന് അൻസിബ നിബന്ധനകളോടെ മറുപടി നൽകിയിട്ടുണ്ട്. നിലവിലെ സംഘടനയുടെ പല ഭാരവാഹികൾക്കെതിരെയും തനിക്ക് ആക്ഷേപങ്ങളുണ്ടെന്നും, അതിനാൽ തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം.

തന്റെ പരാതികളിൽ സംഘടനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയുള്ള ആക്ഷേപങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ നിലവിലെ നേതൃത്വം മാത്രം കേൾക്കുന്നത് നിഷ്പക്ഷമാകില്ല.  നടി മാലാ പാർവതി, നടന്മാരായ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന ഒരു സമിതിക്ക് മുന്നിൽ ഹാജരാകാൻ താൻ തയ്യാറാണ്.

ഇനി സംഘടന മറ്റൊരു സമിതിയെ വെക്കുകയാണെങ്കിൽ പോലും തന്റെ കൂടി താല്പര്യവും പരിഗണനയും ഉറപ്പുവരുത്തിയ ശേഷമായിരിക്കണം അത് ചെയ്യേണ്ടത്. താൻ ആവശ്യപ്പെടുന്ന സമിതിയാണെങ്കിൽ ജൂൺ ഒന്നിന് തന്നെ ഹാജരാകാം, അല്ലാത്തപക്ഷം ജൂൺ 7-ന് ശേഷം വരാൻ തയറാണെന്നും എന്നും നടി കത്തിൽ വ്യക്തമാക്കി.

താൻ ചിലരെ മതം മാറ്റാൻ വേണ്ടി പ്രേരിപ്പിച്ചു എന്ന തരത്തിൽ ടിനി ടോം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചു എന്നതാണ് ടിനി ടോമിനെതിരായ പരാതി. ‘അമ്മ’ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ തന്നെ വിളിപ്പിച്ചു വരുത്തുകയും, അവിടെ വെച്ച് പൊലീസുകാർ മൂന്ന് മണിക്കൂറോളം തന്നെ മാനസികമായി അധിക്ഷേപിച്ചു എന്നുമാണ് മറ്റൊരു പരാതി.

ENGLISH SUMMARY:

The actor's association AMMA is preparing to discuss serious complaints raised by actress Ansiba Hassan. The association has requested Ansiba to appear in person on a date between June 1 and June 3 to present evidence regarding her complaints against Tini Tom and Lakshmi Priya.