ഏതെങ്കിലും തരത്തിലുള്ള അതിരുകവിഞ്ഞ ഇടപെടലൊന്നും ഇവിടെയുണ്ടായില്ല. ഇത്രയും മണിക്കൂറുകള്‍ ഈ വീടിനകത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്താണ് അവര്‍ക്ക് കിട്ടിയത് കിട്ടാത്തത് എന്നൊക്കെ അവരാണ് വ്യക്തമാക്കേണ്ടത്. ഇതൊന്നും പെട്ടെന്നുണ്ടായ കാര്യമല്ല. ഇത്തരമൊരു വീട്ടില്‍ക്കയറിയുള്ള പരിശോധന ഇഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍ക്കുന്നതാണെന്ന് തോന്നുന്നു.  പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ക്ക്. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം. 

നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിനും പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി ഗവണ്‍മെന്‍റ് തുടര്‍ന്നുവരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.  ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമയിട്ടേ കാണുന്നുള്ളു. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികള്‍ ‍കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്‍റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്. 

പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാനൊരുക്കിയപ്പോഴെല്ലാം എല്ലാക്കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ്  എല്ലാ ഘട്ടത്തിലും കിട്ടിയിട്ടുള്ളത്. ആ പിന്തുണയ്ക്ക് ഒരു കുറവം  ചാഞ്ചല്യവും ഇല്ല എന്നുള്ളതാണ് ഇന്ന് സഖാക്കള്‍ വീണ്ടും വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നമുക്ക് നേരിടാന്‍, ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ച് നമുക്ക് ഇറങ്ങാം എന്ന് മാത്രമാണ് പറയാനുണ്ട്. പറയാന്‍ ഒറുപാട് കാര്യങ്ങളുണ്ട്, അതൊക്കെ പിന്നീടുപറയാം– പിണറായി വിജയന്‍ പറഞ്ഞു. ഇ.ഡി റെയ്ഡ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Also Read: റെയ്ഡ് പൂര്‍ത്തിയായി; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു; കൂവിവിളിച്ച് പ്രവര്‍ത്തകര്‍


സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി റെയ്ഡ് പൂര്‍ത്തിയായി. സിറ്റി പൊലീസ് കമ്മിഷണറും സ്ഥലത്തെത്തി. ഇ.ഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ കൂവിവിളിച്ചു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട് റിയാസിന്‍റെ വീട്ടിലും പരിശോധന കഴിഞ്ഞു. വീട്ടില്‍നിന്ന് ഒന്നുംകിട്ടിയില്ലെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. 

പിണറായിയുടെ മകള്‍ വീണ വിജയനെ ഇഡി ചോദ്യംചെയ്തു. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് ചെയ്യാത്ത സേവനത്തിന് 1.72 കോടി രൂപ കൈപ്പറ്റി എന്ന ആരോപണത്തെ തുടർന്നാണ് നടപടി. വീണയുടെ ഭർത്താവും സിപിഎം നേതാവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് ഉൾപ്പെടെ പത്തിടങ്ങളിലായിരുന്നു ഒരേസമയം ഇ.ഡിയുടെ  പരിശോധന .

രാവിലെ ആറ് മണിയോടെയാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ ഉള്ള  പിണറായി വിജയൻ്റെ വാടക വീട്ടിലേക്ക് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്.  കേന്ദ്ര സായുധ പോലീസിന്റെ സുരക്ഷ വലയത്തിൽ പിണറായിയും ഭാര്യയും മകൾ തൈക്കണ്ടിയിൽ വീണയും താമസിക്കുന്ന വാടക വീട്. ഏഴര മണിയോടെ വാർത്ത മനോരമ ന്യൂസിലൂടെ പുറംലോകത്തേക്ക്. ഇതേ സമയം പിണറായി വിജയന്റെ പിണറായിലെ വീട്ടിലും മരുമകനും സിപിഎം നേതാവുമായ പി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥരത്തി. 

ഇവ ഉൾപ്പെടെ സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട പത്തിടങ്ങളിൽ പരിശോധന നടക്കുന്നതായി ഇ.ഡിയുടെ സ്ഥിരീകരണം. പിണറായിയിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. എട്ടുമണിയോടെയാണ് ജോലിക്കാരെത്തി വീട് തുറന്നു നൽകിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലും പരിശോധന നടന്നു. കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മുഹമ്മദ് റിയാസ് ഉണ്ടായിരുന്നില്ല. റിയാസിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന. വീണയുടെ ഐടി കമ്പനിയായ എക്സാ ലോജിക്‌സിനു ശശിധരൻ കർത്തയുടെ സി.എം.ആർ.എൽ കമ്പനി ചെയ്യാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി ഇന്റീരിയം സെറ്റിൽമെൻ്റ് ബോർഡിന്റെ കണ്ടെത്തൽ 2023 ഓഗസ്റ്റ് 9ന് മലയാള മനോരമ പത്രത്തിലൂടെയാണ് ലോകം അറിഞ്ഞത്. ഇതിന്റെ തുടർ നടപടിയായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ SFIO അന്വേഷണം ആരംഭിച്ചു. 

കേസിൽ കള്ളപ്പണ ഇടപാട് നടന്നോ എന്നതിൽ ഇ.ഡിയും അന്വേഷണം തുടങ്ങി. ഇതിനെതിരെ സിഎംആർഎൽ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി  ഇന്നലെ ഹർജികൾ തള്ളുകയും അന്വേഷണമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് അനുമതി നൽകുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് പിണറായി വിജയന്റെയും മരുമകന്റെയും വീടുകളിൽ അടക്കം ഇ.ഡിയുടെ  40 അംഗ സംഘം  പരിശോധനയ്ക്ക് എത്തിയത്.

ENGLISH SUMMARY:

Pinarayi Vijayan stated that the ED raid is not the end and that it is just the beginning, urging supporters to unite and face any challenges. He emphasized that these actions are a deliberate attack by the BJP government against the opposition and its leaders, which has sparked nationwide protests.