Untitled design - 1

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി റെയ്ഡ് പൂര്‍ത്തിയായി. സിറ്റി പൊലീസ് കമ്മിഷണറും സ്ഥലത്തെത്തി. ഇ.ഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ കൂവിവിളിച്ചു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട് റിയാസിന്‍റെ വീട്ടിലും പരിശോധന കഴിഞ്ഞു. വീട്ടില്‍നിന്ന് ഒന്നുംകിട്ടിയില്ലെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. 

 

പിണറായിയുടെ മകള്‍ വീണ വിജയനെ ഇഡി ചോദ്യംചെയ്തു. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് ചെയ്യാത്ത സേവനത്തിന് 1.72 കോടി രൂപ കൈപ്പറ്റി എന്ന ആരോപണത്തെ തുടർന്നാണ് നടപടി. വീണയുടെ ഭർത്താവും സിപിഎം നേതാവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് ഉൾപ്പെടെ പത്തിടങ്ങളിലായിരുന്നു ഒരേസമയം ഇ.ഡിയുടെ  പരിശോധന .

 

Also Read: ഇ.‍ഡി റെയ്ഡിനെക്കുറിച്ച് അറിയില്ല; സി.പി.എം. ആരോപണം തള്ളി കോണ്‍ഗ്രസ്.



രാവിലെ ആറ് മണിയോടെയാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ ഉള്ള  പിണറായി വിജയൻ്റെ വാടക വീട്ടിലേക്ക് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്.  കേന്ദ്ര സായുധ പോലീസിന്റെ സുരക്ഷ വലയത്തിൽ പിണറായിയും ഭാര്യയും മകൾ തൈക്കണ്ടിയിൽ വീണയും താമസിക്കുന്ന വാടക വീട്. ഏഴര മണിയോടെ വാർത്ത മനോരമ ന്യൂസിലൂടെ പുറംലോകത്തേക്ക്. ഇതേ സമയം പിണറായി വിജയന്റെ പിണറായിലെ വീട്ടിലും മരുമകനും സിപിഎം നേതാവുമായ പി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥരത്തി. 

 

ഇവ ഉൾപ്പെടെ സിഎംആർഎൽ-എക്സസാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട പത്തിടങ്ങളിൽ പരിശോധന നടക്കുന്നതായി ഇ.ഡിയുടെ സ്ഥിരീകരണം. പിണറായിയിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. എട്ടുമണിയോടെയാണ് ജോലിക്കാരെത്തി വീട് തുറന്നു നൽകിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലും പരിശോധന നടന്നു. കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മുഹമ്മദ് റിയാസ് ഉണ്ടായിരുന്നില്ല. റിയാസിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന. വീണയുടെ ഐടി കമ്പനിയായ എക്സാ ലോജിക്‌സിനു ശശിധരൻ കർത്തയുടെ സി.എം.ആർ.എൽ കമ്പനി ചെയ്യാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി ഇന്റീരിയം സെറ്റിൽമെൻ്റ് ബോർഡിന്റെ കണ്ടെത്തൽ 2023 ഓഗസ്റ്റ് 9ന് മലയാള മനോരമ പത്രത്തിലൂടെയാണ് ലോകം അറിഞ്ഞത്. ഇതിന്റെ തുടർ നടപടിയായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ SFIO അന്വേഷണം ആരംഭിച്ചു. 

 

കേസിൽ കള്ളപ്പണ ഇടപാട് നടന്നോ എന്നതിൽ ഇ.ഡിയും അന്വേഷണം തുടങ്ങി. ഇതിനെതിരെ സിഎംആർഎൽ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി  ഇന്നലെ ഹർജികൾ തള്ളുകയും അന്വേഷണമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് അനുമതി നൽകുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് പിണറായി വിജയന്റെയും മരുമകന്റെയും വീടുകളിൽ അടക്കം ഇ.ഡിയുടെ  40 അംഗ സംഘം  പരിശോധനയ്ക്ക് എത്തിയത്.

 

ENGLISH SUMMARY:

Enforcement Directorate raids at Pinarayi Vijayan's residences and those connected to the CMR L – Exalogic deal have concluded, with activists protesting and blocking ED vehicles. The investigations are a follow-up to allegations of unrendered services worth ₹1.72 crore received by Veena Vijayan's company, Exalogic, from the black sand company CMR L.