നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് സിഎംആർഎല്ലില്‍ നിന്ന് പണമായി (Liquid Cash) കൈപ്പറ്റിയ രണ്ടുപേർ ഇന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. യഥാർത്ഥത്തിൽ ഇവിടെ ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് കണക്കിൽപ്പെടാത്ത പണം വാങ്ങിയെന്ന് സിഎംആർഎൽ (CMRL) വ്യക്തമാക്കിയ ഈ രണ്ടുപേരുടെ കാര്യത്തിലല്ലേയെന്ന് അദ്ദേഹം ചോദിച്ചു. എന്നിട്ട് അവർക്കെതിരെ ഇഡിയോ ഇൻകംടാക്സോ ഒരു ചെറുവിരൽ പോലും അനക്കിയോ?.
''ഇന്ത്യയിൽ പണമിടപാടുകൾ നടത്തുന്നതിന് കൃത്യമായ നിയമങ്ങളുണ്ട്. ഇത്ര രൂപ വരെ മാത്രമേ പണമായി കൈമാറാവൂ എന്ന് പരിധിയുണ്ട്. അതിനു മുകളിലുള്ള തുകയാണെങ്കിൽ അത് ബാങ്ക് മുഖേനയോ കൃത്യമായ രേഖകളോടെയോ ആയിരിക്കണം. ഇവിടെ 15 ലക്ഷവും 20 ലക്ഷവും വാങ്ങിയെന്ന് വാങ്ങിയവരും കൊടുത്തവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്.
എന്നിട്ടും എന്തെങ്കിലും അന്വേഷണം ഇവർക്കെതിരെ നടന്നോ? അതേസമയം, നിയമാനുസൃതമായ ഒരു ബിസിനസിന്റെ ഭാഗമായി, കൃത്യമായി നികുതിയടച്ചാണ് പണം വാങ്ങിയതെന്ന് വീണ വിജയന്‍ വ്യക്തമാക്കിയല്ലോ. അതാണോ ഇവിടുത്തെ ഏറ്റവും വലിയ കുറ്റകൃത്യമെന്ന് പറയുന്നത്?'– ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പിടിച്ചെടുത്ത ശശിധരൻ കർത്തയുടെ ഡയറിയിൽ ചുരുക്കെഴുത്തുകളായി ചില പേരുകളുണ്ടായിരുന്നു. പിവി, ആർസി, കെകെ എന്നിങ്ങനെ നീളുന്നു ആ പേരുകൾ. ഇതിൽ പിവി, പിണറായി വിജയൻ ആണെന്നും, ആർസി രമേശ് ചെന്നിത്തല ആണെന്നും, കെകെ കുഞ്ഞാലിക്കുട്ടി ആണെന്നും ആക്ഷേപമുയർന്നു. കർത്തയുടെ കൈയ്യിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ചവരാണ് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും. സതീശൻ മന്ത്രിസഭയിലെ രണ്ടാമനാണ് കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വകുപ്പ് മന്ത്രിയാണ് രമേശ് ചെന്നിത്തല. കർത്തയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ നേതാവ് പിണറായി വിജയൻ ആയിരുന്നു.