pinarayi-vijayan-2

സംസ്ഥാന സർക്കാരിന്‍റെ പുതിയ ബജറ്റിൽ കാർഷിക മേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റബർ, കശുവണ്ടി, നെല്ല് തുടങ്ങിയ കാർഷിക മേഖലകൾക്ക് യാതൊരു ആശ്വാസ നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. മുൻ സർക്കാർ നടപ്പിലാക്കിയ ക്ഷേമ വികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകുന്ന സമീപനമാണ് പുതിയ ബജറ്റിലുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള തുടർനടപടികളെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ലെന്നും പിണറായി പറഞ്ഞു. 

 

പഴങ്ങളിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കാൻ ചെറുകിട മേഖലയെ അനുവദിക്കുന്നതിന് പകരം വൻകിട മദ്യ കമ്പനികൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ പിന്തുടർന്ന് സംസ്ഥാനത്തും സ്വകാര്യവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികളിലൂടെ ഖനനവും തീരദേശവും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും പിണറായി.

 

ഭൂപരിഷ്കരണം 2.0 എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്‍റെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനും സ്വകാര്യ കുത്തകകൾക്ക് അനുകൂലമായ നയം രൂപീകരിക്കാനും ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു. ആരോഗ്യ മേഖലയിലും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ബജറ്റ്, സർക്കാർ ആശുപത്രികളുടെ ശാക്തീകരണത്തെക്കുറിച്ച് മൗനം പാലിക്കുന്നെന്നും പിണറായി പറഞ്ഞു.

 

കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളി‍ഞ്ഞുവെന്നും  പിണറായി വിജയന്‍ പറ‍ഞ്ഞു. സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചുകാട്ടി. ബജറ്റ്  സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നു. കിഫ്ബിയുടെ ചിറകരിയുന്ന സമീപനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  ലൈഫ് പദ്ധതിയെ തകര്‍ക്കാനും നീക്കമുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് 10 കോടി മാത്രമാണ് മാറ്റിവച്ചിട്ടുള്ളത് . ഇത് പ്രഹസനമാണ്. . വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും  ഒന്നും കാണാനില്ലെന്നും  പിണറായി പരിഹസിച്ചു. 

 

ENGLISH SUMMARY:

Leader of the Opposition Pinarayi Vijayan has strongly criticised the state's new budget, alleging that it ignores agriculture, traditional industries, and poverty eradication measures. He accused the government of promoting privatisation, weakening KIIFB, undermining the LIFE Mission, and failing to strengthen public healthcare. Vijayan also claimed that the budget favours corporate interests while offering little support to farmers and welfare initiatives.