മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ.ഡി പരിശോധന . തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുമാണ് പരിശോധന. പിണറായി വിജയനും മകള്‍ വീണാ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നു. റിയാസ് കോട്ടുളിയിലെ വീട്ടില്‍ ഇല്ല. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
CMRL ഓഫിസിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നു. സിഎംആര്‍എല്‍ – എക്സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി എം ആർ എൽ നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്
വിവാദ എക്സാലോജിക്–സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് തള്ളിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലമായി നൽകിയെന്നതാണ് കേസ്. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
Also Read: എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ലെന്നും ഇ.ഡിക്ക് അന്വേഷണ അധികാരമില്ലെന്നുമാണ് സിഎംആർഎൽ പ്രധാനമായും ഹൈക്കോടതിയിൽ വാദിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കമ്പനി നിയമപ്രകാരം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് മറ്റ് ഏജൻസികൾക്ക് ഈ ഇടപാടിൽ അന്വേഷണം നടത്താൻ നിയമപരമായി കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു
എന്നാൽ ഹർജിക്കാരുടെ വാദങ്ങളെ ഇ.ഡി കോടതിയിൽ ശക്തമായി എതിർത്തു. കമ്പനി നിയമപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള തങ്ങളുടെ അന്വേഷണമെന്നാണ് ഇ.ഡി വാദിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമായി 62 ശതമാനത്തോളം ഓഹരിയുള്ള സിഎംആർഎൽ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇ.ഡി വാദിച്ചു. നിയമപ്രകാരം ആർക്കും സമൻസ് അയക്കാൻ ഇ.ഡിക്ക് അധികാരമുണ്ട്. സമൻസ് ലഭിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഹർജിക്കാർക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഭാവിയിൽ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടായേക്കാം എന്ന ഭയത്താൽ സമൻസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമായിരുന്നു ഇ.ഡിയുടെ വാദം.