thoppi-case

സുഹൃത്തുക്കളുടെ നഗ്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വ്ലോഗര്‍ തൊപ്പി (നിഹാദ്) ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിലാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ഐടി നിയമം 66 പ്രകാരം എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. അഡ്വക്കേറ്റ് ശ്രീജിത്ത് െപരുമനയുടെ പരാതിയിലാണ് നടപടി. 

 

സുഹൃത്തുക്കള്‍ തമ്മില്‍ തെറ്റിയതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവിഡിയോ തൊപ്പി പുറത്തുവിട്ടത്. ദിവസങ്ങളോളം ഇരുപക്ഷവും ആരോപണങ്ങളുമായി ലൈവ് വിഡിയോകള്‍ ചെയ്തിരുന്നു. ഇതിനിടെയിലാണ് തൊപ്പി വിഡിയോ പുറത്തുവിട്ടത്. തന്‍റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം തൊപ്പിയാണ് ഉന്നയിക്കുത്. പിന്നാലെ തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും സുഹൃത്തായ ഷമീര്‍ ആരോപിച്ചു. 

 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ ഉപയോഗിച്ചുവെന്നും ഷമീര്‍ ആരോപിക്കുന്നുണ്ട്. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്നാണ് ഷമീര്‍ ചോദിക്കുന്നത്. നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും ഇവര്‍ പുറത്തുവിട്ടു. നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറും രംഗത്തെത്തിയിരുന്നു. തൊപ്പിയുടെ അടിവസ്ത്രങ്ങള്‍ വരെ തങ്ങള്‍ അലക്കിയിരുന്നുവെന്നും തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി. 

 

സംഘത്തിന്‍റെ ആരോപണ പ്രത്യാരോപണങ്ങള്‍ പരിധിവിട്ടതോടെയാണ് വിഷയത്തില്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്. ലക്ഷക്കണക്കിന് കുട്ടികൾ തല്‍സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ട് സൈബർ ഇടങ്ങളെ ഇവര്‍ മലിനമാക്കിയെന്നും സ്ത്രീകളെപ്പോലും അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നതും ശ്രീജിത്ത് പെരുമന ചൂണ്ടിക്കാണിച്ചിരുന്നു. 

 

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ലഹരി ഉപയോഗം പ്രോത്സാഹപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിനും തൊപ്പിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വിഡിയോ പോസ്റ്റ് ചെയ്തതിന്‍റെ തെളിവുകള്‍ തൊപ്പിയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റ, യൂട്യൂബ് പേജില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൊപ്പിക്കെതിരെ ചേര്‍ത്ത വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. 

ENGLISH SUMMARY:

Vlogger 'Thoppi' (Nihad) is facing legal action after Ernakulam Rural Cyber Police registered a case against him for posting explicit videos of his friends on social media platforms including Facebook, Instagram, and YouTube. The case, initiated following a complaint by Advocate Sreejith Perumana, invokes Section 66 of the IT Act due to the public dissemination of obscene content amidst a bitter public feud with his former associates. The dispute escalated significantly after these associates accused him of serious offenses, including sexual exploitation, harassment, and drug abuse. If convicted under the current charges, Nihad faces up to three years of imprisonment and a fine of up to ₹5 lakh.