nationalist-citizens-party-india-merger

നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയ സുരക്ഷ

തൃണമൂല്‍ കോണ്‍ഗ്രസ് വിമത എം.പിമാരുടെ ലയന തീരുമാനത്തോടെ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകുന്ന പാര്‍ട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ. ഇക്കാലമത്രയും ആരോരുമറിയാതിരുന്ന പാര്‍ട്ടിക്ക് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ വി.ഐ.പി പരിവേഷമായി. ആളും അനക്കവും ഇല്ലാതിരുന്ന പാര്‍ട്ടി ഓഫിസിലേക്ക് മാധ്യമങ്ങള്‍ കൂട്ടത്തോടെ എത്തുന്നു. പുറത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ അറിയാം.

 

എന്തിന് രൂപീകരിച്ചു, എന്തുചെയ്തു, ഇപ്പോഴും ഉണ്ടോ എന്നൊന്നും അറിയാത്ത, കടലാസില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായിരുന്നു ഇന്നലവരെ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ എന്‍.സി.പി.ഐ. 2023 ജനുവരി 20നാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. വിലാസം ബംഗാള്‍ ഹൗറ ജില്ലയിലെ ബനിപുരിലെ ഒരു ചെറിയ കെട്ടിടം. രേഖകള്‍ പ്രകാരം നിലവിലെ പ്രസിഡന്റിന്‍റെ പേര് ഉത്തിയ കുണ്ഡു. ഭാര്യയും അഭിഭാഷകയും സ്വകാര്യ കമ്പനി ഡയരക്ടറുമായ ഷ്വേലി കുണ്ഡു ട്രഷറര്‍. അതായത് ഒരു കുടുംബ സംരംഭം.

 

പശ്ചിം ബംഗ അസംഘടിത മഹിള കര്‍മി അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹിയുമാണ് ഷ്വേലി. പാര്‍ട്ടി ഓഫിസിന്‍റെ അതേ വിലാസമാണ് ഷ്വേലിയുടെ കമ്പനിക്കും സന്നദ്ധ സംഘടനയ്ക്കും ഉള്ളത്. എന്‍.സി.പി.ഐക്ക് ഇതുവരെ ലഭിച്ച സംഭാവന 1.13 ലക്ഷം രൂപ മാത്രം. റജിസ്റ്റര്‍ ചെയ്തത് ബംഗാളിലാണെങ്കിലും ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മല്‍സരിക്കാന്‍ ഇറങ്ങിയത്. ഏഴു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും നാലുപേരുടെ പത്രിക തള്ളി. ശേഷിക്കുന്ന മൂന്നില്‍ രണ്ടിടത്ത് പാര്‍ട്ടി ചിഹ്നത്തിലും ഒരിടത്തു പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രനും മല്‍സരിച്ചു. 

 

മൂന്നുപേര്‍ക്കും കൂടി ആകെ ലഭിച്ചത് 1198 വോട്ട്. തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ പാര്‍ട്ടിയുടെ പൊടിപോലുമുണ്ടായിട്ടില്ല. നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്ഥാനാര്‍ഥികളും പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു, ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പും. എവിടെയും നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് ആരും കേട്ടില്ല. നിലവിലെ ഭാരവപാഹികള്‍ ആരൊക്കെ എന്നതില്‍ അടിമുടി അവ്യക്തതയും നിലനില്‍ക്കുന്നു. ഇങ്ങനെ വാലും തലയും ഇല്ലാത്ത പാര്‍ട്ടിയാണ് ഇനി ലോക്സഭയില്‍ നാലാമത്തെ വലിയ കക്ഷിയാവാന്‍ ഒരുങ്ങുന്നത്.  കൂറുമാറ്റ രാഷ്ട്രീയത്തെ തള്ളിക്കളയുക എന്നതായിരുന്നു രൂപീകരണ സമയത്തെ പാര്‍ട്ടിയുടെ മുദ്രാവാക്യം എന്നതാണ് ഏറ്റവും വലിയ തമാശ. ജനാധിപത്യത്തിന്‍റെ സൗന്ദര്യം എന്ന് ഇതിനെയും വിശേഷിപ്പിക്കാം.

 

ENGLISH SUMMARY:

Nationalist Citizens Party of India has suddenly gained national attention following the merger decision of Trinamool Congress rebel MPs. This party, previously unknown, has become a VIP entity overnight, with media flocks descending upon its quiet office.