‘അമ്മ’ ജനറല്‍ ബോഡി നാളെ നടക്കാനിരിക്കെ ട്രഷറര്‍ ഉണ്ണിശിവപാലിന്റെ വിഡിയോ സന്ദേശം പുറത്ത്. ‘അമ്മ’യില്‍ നീതിനിഷേധമെന്നും ജനറല്‍ ബോഡിയില്‍ എല്ലാം തുറന്നുപറയുമെന്നും ഉണ്ണി പറയുന്നു. ഓഫിസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേട്ടില്ലെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെന്നും സന്ദേശത്തില്‍ പറയുന്നു.
അംഗങ്ങളുടെ പരസ്യ പ്രതികരണങ്ങളെ തുടർന്നുള്ള വിവാദങ്ങളും നിയമനടപടികളും നടക്കുന്നതിനിടെ ‘അമ്മ’ ജനറൽ ബോഡി യോഗം 21ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടക്കും. സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ‘അമ്മ’ കടന്നുപോകുന്നത്. ജനറൽ ബോഡിക്കു മുൻപു നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള തീവ്രശ്രമങ്ങളും ഒരു ഭാഗത്തു നടക്കുന്നുണ്ട്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കു വനിതകൾ എത്തിയ ശേഷമുള്ള ആദ്യ വാർഷിക ജനറൽ ബോഡി യോഗം കൂടിയാണിത്.
അമ്മയിലെ ഭാരവാഹികൾക്കെതിരെ പൊതുവിടത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും ചെയ്ത അൻസിബയ്ക്കു നിലവിൽ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരിക്കയാണ്. നോട്ടിസിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് അൻസിബ മറുപടി നൽകിയിട്ടുമുണ്ട്. ജനറൽ ബോഡിക്കു മുന്നോടിയായി അൻസിബയ്ക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമോ എന്നാണ് അംഗങ്ങൾ ഉറ്റുനോക്കുന്നത്. സസ്പെൻഷൻ ഉൾപ്പെടെ നടപടികളിലേക്കു ഭരണസമിതി കടന്നാൽ അൻസിബയ്ക്കു ജനറൽ ബോഡിയിൽ പങ്കെടുക്കാൻ ആകില്ല.