പരീക്ഷാക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി. സമരം അവസാനിപ്പിക്കാനുള്ള നിർദ്ദേശം പോലീസ് ആവർത്തിച്ചു നൽകിയിട്ടും അഭിജിത്ത് ദീപ് കെയുടെ നേതൃത്വത്തിൽ അർധരാത്രിയിലും സമരം തുടരുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കും വരെ തുടരുമെന്ന് അഭിജിത് ദീപ്കെ മനോരമ ന്യൂസിനോട് പറഞ്ഞു. സമാധാനമായി പ്രതിഷേധിക്കാന്‍ അവസരമുണ്ടെന്നും ഭക്ഷണവും വെളളവും തടഞ്ഞ് തളര്‍ത്താനാകില്ലെന്നും അഭിജിത് പറഞ്ഞു.
പരീക്ഷാക്രമക്കേടുകളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി പദവി ഒഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജന്തർമന്തറിന്റെ എല്ലാ ഭാഗവും പോലീസും ദ്രുത കർമ്മ സേനയും അടച്ചിട്ടുണ്ട്. പ്രതിഷേധത്തിനുള്ള സമയം ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് അവസാനിച്ചതിനു പിന്നാലെ വെള്ളവും വൈദ്യുതിയും പൊലീസ് റദ്ദാക്കിയിരുന്നുവെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കും വരെ എന്തൊക്കെ ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നാണ് അഭിജിത്ത് ദീപ്കെയുടെ പ്രതികരണം. പിന്തുണയ്ക്കുന്നവരെല്ലാം ജന്തർ മന്തറിലേക്ക് എത്തണമെന്നും നിലവിൽ അവിടെയുള്ളവർ പുറത്തേക്ക് പോകരുതെന്നും അഭിജിത്ത് ദീപ്കെ നിർദ്ദേശിച്ചു. നീറ്റ് പുനപരീക്ഷ ഇന്നുച്ചയ്ക്ക് നടക്കാനിരിക്കുന്നതിനാലാണ് പോലീസ് കസ്റ്റഡി അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നാണ് വിവരം.