മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ.ഡി പരിശോധന ആറ് മണിക്കൂര്‍ പിന്നിടുന്നു . തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുമാണ് പരിശോധന. പിണറായി വിജയനും മകള്‍ വീണാ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. വീണയെ ഇ.ഡി ചോദ്യം ചെയ്തു. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നു. റിയാസ് കോട്ടുളിയിലെ വീട്ടില്‍ ഇല്ല. 10 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. CMRL ഓഫിസിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നു. സിഎംആര്‍എല്‍ – എക്സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി എം ആർ എൽ നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്
വിവാദ എക്സാലോജിക്–സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് തള്ളിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലമായി നൽകിയെന്നതാണ് കേസ്. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
Also read: 'വി.ഡി.സതീശൻ ആർ.എസ്.എസ് ആചാര്യന്മാർക്ക് മുന്നിൽ കുമ്പിട്ടതുപോലെ ഈ പാർട്ടി കീഴടങ്ങില്ല'
2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ലെന്നും ഇ.ഡിക്ക് അന്വേഷണ അധികാരമില്ലെന്നുമാണ് സിഎംആർഎൽ പ്രധാനമായും ഹൈക്കോടതിയിൽ വാദിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കമ്പനി നിയമപ്രകാരം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് മറ്റ് ഏജൻസികൾക്ക് ഈ ഇടപാടിൽ അന്വേഷണം നടത്താൻ നിയമപരമായി കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു
എന്നാൽ ഹർജിക്കാരുടെ വാദങ്ങളെ ഇ.ഡി കോടതിയിൽ ശക്തമായി എതിർത്തു. കമ്പനി നിയമപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള തങ്ങളുടെ അന്വേഷണമെന്നാണ് ഇ.ഡി വാദിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമായി 62 ശതമാനത്തോളം ഓഹരിയുള്ള സിഎംആർഎൽ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇ.ഡി വാദിച്ചു. നിയമപ്രകാരം ആർക്കും സമൻസ് അയക്കാൻ ഇ.ഡിക്ക് അധികാരമുണ്ട്. സമൻസ് ലഭിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഹർജിക്കാർക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഭാവിയിൽ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടായേക്കാം എന്ന ഭയത്താൽ സമൻസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമായിരുന്നു ഇ.ഡിയുടെ വാദം.
വന്‍പ്രതിഷേധവുമായി സിപിഎം
പ്രതിപക്ഷനേതാവ് പിണറായി വിജയന്റേയും മുഹമ്മദ് റിയാസിന്റെ വീടുകളിലെ ഇ.ഡി റെയ്ഡില്‍ രൂക്ഷമായി പ്രതികരിച്ച് സിപിഎം നേതൃത്വം. പിണറായിയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെ അപലപിക്കുന്നുവെന്ന് സിപിഎം. റെയ്ഡ് സിപിഎമ്മിനും പിണറായിക്കും എതിരായ ഹീനമായ നീക്കമാണ്. പിണറായിയോ സി.പി.എമ്മിനെയോ ഭയപ്പെടുത്താനാവില്ല. റെയ്ഡില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കുണ്ടോയെന്നു സിപിഎം സംശയമുന്നയിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള പദ്ധതിയാണിത്. സംസ്ഥാനവ്യാപകപ്രതിഷേധത്തിന് ആഹ്വാനം ചെയ്യും. രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് പ്രതിഷേധപരിപാടി തീരുമാനിക്കും. അതേസമയം, വീണയെക്കുറിച്ച് നേതാക്കള്‍ പരാമര്‍ശിച്ചില്ല.
ഇതിനിടെ വിചിത്രന്യായീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. കോടിയേരിയുടെ മക്കള്‍ ഉള്‍പ്പെട്ട കേസ് പാര്‍ട്ടിക്കെതിരായിരുന്നില്ല. കോടിയേരിയുമായി ചർച്ച ചെയ്താണ് അന്ന് പാർട്ടി നിലപാട് സ്വീകരിച്ചത്. വീണയുടെ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല. ക്രമക്കേടില്ലെന്ന് സിഎംആര്‍എല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ബിനീഷ് കോടിയേരി, വീണ കേസുകളിൽ രണ്ടു നിലപാടോ എന്ന് ചോദ്യത്തിനായിരുന്നു ഈ മറുപടി.
റെയ്ഡ് നരേന്ദ്ര മോദി–വി.ഡി സതീശന്‍ കൂടിക്കാഴ്ച്ചക്ക് പിന്നാലെയെന്ന് സിപിഎം നേതാവ് പി.ജയരാജന്‍ പറഞ്ഞു. വി.ഡി.സവര്‍ക്കര്‍, വി.ഡി.സതീശന്‍ പേരില്‍ മാത്രമല്ല സാമ്യമെന്നും ബിജെപി ക്ക് ഒത്താശ ചെയ്യുന്ന നേതാവാണ് സതീശനെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. നേതാക്കളെ തകര്‍ക്കുകയാണ് ലക്ഷ്യം. കുടുംബാംഗങ്ങളെ ഉന്നംവച്ചുള്ള രാഷ്ട്രീയനീക്കമാണിത്. പിണറായിയെ തടഞ്ഞുവയ്ക്കുന്നതിലാണ് തങ്ങള്‍ക്ക് ആക്ഷേപമെന്നും ബിനീഷ് പറഞ്ഞു.
പോരാട്ടം അവസാനശ്വാസം വരെയുമെന്ന് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുന്നില്‍ കുമ്പിടില്ലെന്ന് പോസ്റ്റില്‍ കുറിച്ചു.
റിയാസ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാണ് ഉള്ളത്.
കൊച്ചി സൗത്ത് കളമശേരിയിൽ ശശിധരൻ കർത്തായുടെ പണിതീരാത്ത കെട്ടിടത്തിലും രാവിലെ ആറിന് ഇ.ഡി ഉദ്യോഗസ്ഥർ എത്തി. കർത്തായുടെ പഴയ വീട് പൊളിച്ച് ഓഫീസാക്കിയ കെട്ടിടം ഇപ്പോൾ വീണ്ടും പൊളിച്ച് പണിയുകയാണ്. കാര്യങ്ങൾ അയൽവാസികളോട് ചോദിച്ച് മനസ്സിലാക്കിയശേഷം ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്.കര്‍ത്തയെ ചോദ്യംചെയ്യുന്നു